മുസാഫർപൂർ: ബീഹാറിലെ മുസാഫർപൂരിലെ മൈക്രോഫിനാൻസ് സ്ഥാപനത്തിൽ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 38 ലക്ഷം രൂപ കവർന്നു (Rs 38 Lakh Looted In Armed Robbery At Microfinance Company In Muzaffarpur Bihar). അഹിയാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സഹബാജ്‌പൂരിൽ ബുധനാഴ്‌ച അർദ്ധരാത്രിയോടെയാണ് സംഭവം. തോക്കുമായെത്തിയ രണ്ട് മോഷ്‌ടാക്കൾ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവർന്നശേഷം രക്ഷപെടുകയായിരുന്നു.
കവർച്ച നടക്കുമ്പോൾ ആറ് ജീവനക്കാർ സ്ഥാപനത്തിലുണ്ടായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.
അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സ്ഥലം എസ്‌പി സരോജ് ദീക്ഷിത് പറഞ്ഞു. "സംഭവത്തിൽ സംശയാസ്‌പദമായ അന്തരീക്ഷമുണ്ട്. ഓഫീസ് രാത്രി വൈകി തുറന്നതിന്‍റെ കാരണം അന്വേഷിച്ചുവരികയാണ്. ഏതാനും യുവാക്കളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇപ്പോൾ ഇവരെ ചോദ്യം ചെയ്‌തുവരികയാണ്." എസ്‌പി പറഞ്ഞു.
വനിതാ സ്വയം സഹായ സംഘങ്ങൾക്ക് വായ്‌പ നൽകുന്ന മൈക്രോ ഫിനാൻസ് കമ്പനിയുടെ ഓഫീസിലാണ് കൊള്ള നടന്നത്. ഇവരുടെ രണ്ടു ദിവസത്തെ കളക്ഷൻ തുകയാണ് കവർച്ച ചെയ്യപ്പെട്ടത്. അടുത്തിടെയാണ് ഇവർ നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തന്നെ മറ്റൊരു മുറിയിൽ നിന്ന് പുതിയ മുറിയിലേക്ക് ഓഫീസ് മാറ്റിയത്.
ആക്‌സിസ് ബാങ്കും കൊള്ളയടിച്ചു: കഴിഞ്ഞ ദിവസം ബിഹാറിലെ ഭോജ്‌പൂരിലും സായുധ സംഘം ബാങ്ക് കൊള്ളയടിച്ചിരുന്നു. ഇന്നലെ രാവിലെ (06.12.23) ഭോജ്‌പൂരിലെ കടിര മേഖലയിലെ ആക്‌സിസ് ബാങ്കില്‍ നിന്ന് ആയുധധാരികളായ സംഘം കവർന്നത് 16 ലക്ഷം രൂപയാണ്. നഗരത്തിലെ പ്രമുഖ വ്യവസായി പണം നിക്ഷേപിക്കാന്‍ ബാങ്കിലെത്തിയ സമയത്താണ് കവർച്ച സംഘവും അകത്ത് കയറിയത്. ബാങ്കിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും തോക്കിൻ മുനയില്‍ നിർത്തിയായിരുന്നു കവർച്ച. ബാങ്കിലുണ്ടായിരുന്ന 16 ലക്ഷം രൂപയും കവർന്ന ശേഷമാണ് സംഘം മടങ്ങിയത്.
വിവരമറിഞ്ഞ് പൊലീസ് സംഘം എത്തിയപ്പോഴേക്കും കവർച്ചാ സംഘം കടന്നുകളഞ്ഞതായി ഭോജ്‌പൂർ പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. കവർച്ച നടത്താനെത്തിയ സംഘം ബാങ്കിന്‍റെ മുൻവശത്തെ വാതിലുകൾ അടക്കം അകത്തുനിന്ന് അടച്ചിരുന്നതിനാല്‍ പൊലീസിന് ആദ്യം ബാങ്കിന് അകത്തേക്ക് കടക്കാനായിരുന്നില്ല. ബാങ്കിനുള്ളലെ എല്ലാ സിസിടിവി കാമറകളും സംഘം കൊണ്ടുപോയതായും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
Also Read: മുഖം മൂടി ധരിച്ചെത്തി ബാങ്കില്‍ നിന്ന് കവർന്നത് 18 കോടിയിലധികം
ബാങ്കിനുള്ളില്‍ കടന്ന് കവർച്ച നടത്തിയത് അഞ്ചംഗ സംഘമാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കവർച്ച സംഘത്തില്‍ ഏഴോ എട്ടോ ആളുകൾ ഉണ്ടെന്നാണ് ബാങ്കിനുള്ളില്‍ പൂട്ടിയടപ്പെട്ട ജീവനക്കാരൻ പറഞ്ഞത്. അവർ ആയുധധാരികളായിരുന്നെന്നും ബാങ്കിനുള്ളില്‍ കടന്നയുടൻ എല്ലാവരുടേയും മൊബൈല്‍ ഫോണുകൾ സംഘം പിടിച്ചുവാങ്ങിയെന്നും അതിനുശേഷം ഒരു മുറിയില്‍ പൂട്ടിയിട്ട ശേഷം പണം കവർന്ന് രക്ഷപെടുകയായിരുന്നെന്നും ജീവനക്കാർ പറഞ്ഞു.