പഞ്ചാബ്: രാജ്യത്തെ ഒരു പക്ഷെ ലോകത്തെ തന്നെ ഏറ്റവും വലിയ ആല്‍മരം സ്ഥിതിചെയ്യുന്ന സ്ഥലമാണ് ശ്രീ ഫത്തേഗഡ് സാഹിബ്. ഗ്രാമത്തില്‍ എത്തുന്നവരെ സ്വീകരിക്കുന്നത് ഈ പടുകൂറ്റന്‍ ആൽമരമാണ്. പാടത്തിന്‍റെ ഒത്ത നടുവിലായാണ് ഈ മരം സ്ഥിതി ചെയ്യുന്നത്. കുട പോലെ പടർന്നു പന്തലിച്ച് കിടക്കുന്ന ആൽമരം ഏതാണ്ട് 6-7 ഏക്കറിലായി വ്യാപിച്ച് കിടക്കുകയാണ്. ജനങ്ങൾ പറയുന്നത് മരത്തിന് ചുരുങ്ങിയത് 300 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ്. കായകല്പ വൃക്ഷം അല്ലെങ്കിൽ ബറോട്ടി സാഹിബ് എന്നാണ് ഈ വൃക്ഷം അറിയപ്പെടുന്നത്. നിരന്തരം മരം വളരുകയാണെന്നും ആളുകള്‍ പറയുന്നു.
പലകാരണങ്ങളാലും മരത്തിനെ മുറിക്കാനോ ഉപദ്രവിക്കാനോ ജനങ്ങള്‍ തുനിയാറില്ല. ബറോട്ടി സാഹിബിന്‍റെ വേരുകള്‍ പടരുന്ന ഇടങ്ങളില്‍ കര്‍ഷകര്‍ കൃഷിചെയ്യാറുപോലുമില്ല. മാത്രമല്ല ആല്‍മരത്തിന്‍റെ ഇലകളും തണ്ടുകളും പോലും ജനങ്ങള്‍ ഉപയോഗിക്കാറില്ല.
മരത്തെ ചുറ്റിപ്പറ്റി ചില കഥകളും നിലനില്‍ക്കുന്നുണ്ട്. ഒരിക്കല്‍ ഒരു കര്‍ഷകന്‍ ഈ പാടത്ത് പണിയെടുത്തു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് അതുവഴി ഒരു സന്യാസി കടന്നു പോയി. കര്‍ഷകന്‍ ആ സന്യാസിയോട് തന്നോടൊപ്പം ഏതാനും ദിവസങ്ങള്‍ താമസിക്കുവാന്‍ ആവശ്യപ്പെട്ടു. ഒരു ദിവസം കര്‍ഷകന്‍റെ ഭാര്യ സന്യാസിക്ക് ഭക്ഷണം കൊടുക്കാനായി പോയി. അന്ന് അവര്‍ ദുഃഖിതയായിരുന്നു. അവരുടെ ദുഃഖത്തിനു കാരണമെന്താണെന്ന് ആ സന്യാസി അവരോട് ചോദിച്ചു. കുട്ടികള്‍ ഇല്ലാത്തതാണ് കാരണമെന്ന് അവര്‍ സന്യാസിയെ അറിയിച്ചു.
ഇതുകേട്ട സന്യാസി സ്ത്രീക്ക് ഭക്ഷിക്കാന്‍ ഒരു പൊടി രൂപത്തിലുള്ള വസ്തു നല്‍കി. ഇതുകഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാകുമെന്നും പറഞ്ഞു. വീട്ടിലെത്തിയ ഭാര്യ ഭര്‍ത്താവിനോട് സംഭവം വിവരിച്ചു. എന്നാല്‍ ഭര്‍ത്താവ് ഇക്കാര്യം വിശ്വസിച്ചില്ല. സന്യാസി തന്നിരിക്കുന്ന വസ്തു കളയുവാനും കര്‍ഷകന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. ഇത് കേട്ട ഭാര്യ സന്യാസി നല്‍കിയ പൊടി രൂപത്തിലുള്ള വസ്തു വയലില്‍ കളഞ്ഞു. ഇത് വീണ സ്ഥലത്ത് മുളച്ച ആലാണിത് എന്നാണ് കഥ. ആല്‍മരത്തിന്‍റെ വേരുകള്‍ നിരന്തരം പടര്‍ന്നു പിടിക്കുന്നതു പോലെ ഈ ഗ്രാമത്തിലെ കര്‍ഷകരുടെ കുടുംബങ്ങളും വളര്‍ന്നു വലുതായി കൊണ്ടിരിക്കുന്നു എന്നാണ് ഗ്രാമീണര്‍ വിശ്വസിക്കുന്നത്.
ആല്‍മരത്തോട് പറഞ്ഞാല്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകുമെന്നും ഇവിടത്തെ ജനങ്ങള്‍ വിശ്വസിക്കുന്നു. അതിനാല്‍ തന്നെ എത്രയോ വര്‍ഷങ്ങളായി ആല്‍മരത്തെ സിദ്ധ ബാബ ബറോട്ടി സാഹിബ് എന്ന നിലയില്‍ ആരാധിച്ചു വരികയാണ് ഗ്രാമീണര്‍.
നിരവധി പക്ഷികളുടെ സങ്കേതവുമാണ് മരം. ഒരു കുട പോലെ വിടര്‍ന്നു നില്‍ക്കുന്ന ഈ ആല്‍മരത്തില്‍ നിരവധി പക്ഷികള്‍ കൂടു കൂട്ടിയിട്ടുണ്ട്. അവ പൊഴിക്കുന്ന ശബ്ദങ്ങള്‍ എല്ലാവരെയും ഇവിടേക്ക് ആകര്‍ഷിക്കുന്നു. അതിവേഗം വളര്‍ന്ന് പന്തലിച്ചു കൊണ്ടിരിക്കുകയാണ് ഈ ആല്‍മരം ഇപ്പോഴും.