ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിവേഗത്തില്‍. കഴിഞ്ഞ മൂന്ന് ദിവസമായി ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്ത്യയില്‍ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിലെ കൊവിഡ് രോഗികള്‍ മൂന്നര ലക്ഷത്തിന് അടുത്തെത്തി. 3,46,786 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. രോഗബാധയോടൊപ്പം ഓരോ ദിവസവും മരണ നിരക്കും വര്‍ധിക്കുകയാണ്.
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 2,624 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,89,544 ആയി ഉയർന്നു. മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് സ്ഥിതി അതിരൂക്ഷമാണ്. മഹാരാഷ്‌ട്ര, ഡൽഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഓക്‌സിജൻ ക്ഷാമവും ആശുപത്രികളിലെ സൗകര്യങ്ങളുടെ അപര്യാപ്‌തതയും വെല്ലുവിളിയായി നിലനിൽക്കുകയാണ്.
ഇന്നത്തെ കണക്കുകൂടി പുറത്തു വന്നതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,66,10,481 ആയി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,38,67,997 ആണ്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 25,52,940 ആണ്. ഇതുവരെ രാജ്യത്ത് 13,83,79,832 പേരാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.