ഹൈദരാബാദ് : തെലങ്കാനയിലെ റിങ് റോഡ് ടോള്‍ ബൂത്തിന് സമീപം ട്രക്കില്‍ നിന്നും 3,400 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ.
സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായെന്നും എന്‍.സി.ബിയുടെ ബെംഗളൂരു, ഹൈദരാബാദ് സംയുക്‌ത സംഘം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സംഘം വാഹന പരിശോധന നടത്തുകയായിരുന്നു. പിടിച്ചെടുത്ത വാഹനം മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ളതാണ്. ടാർപോളിൻ ഷീറ്റുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
ALSO READ: ആസ്‌തി വിൽപ്പന : മോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രചാരണത്തിന് കോണ്‍ഗ്രസ്
ഇതിന്‍റെ മുകളിലായി വില്‍പ്പനയ്‌ക്കെന്ന വ്യാജേന ചെടികള്‍ വച്ചിരുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള വന്‍ സംഘമാണ് പിന്നിലെന്നാണ് വിവരം. ലഹരി വസ്‌തുവിന്‍റെ ഉറവിടം ആന്ധ്രയും ഒഡിഷയുമാണ്.
വിവിധ സംസ്ഥാനങ്ങളിലെ കോളജുകളിലും മറ്റ് സ്വകാര്യ പാർട്ടികളിലും എത്തിക്കുന്നതിന് ശൃംഖലയായിട്ടാണ് സംഘത്തിന്‍റെ പ്രവര്‍ത്തനമെന്ന് എന്‍.സി.ബി ബെംഗളൂരു സോണൽ ഡയറക്ടർ അമിത് ഗവാട്ടെ പ്രസ്താവനയിൽ വ്യക്തമാക്കി.