ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്തുമെന്ന സെന്‍ട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്‍റെ (സിബിഎസ്ഇ) തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് 300 ഓളം വിദ്യാര്‍ഥികള്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണയ്ക്ക് കത്ത് നല്‍കി. കൊവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നേരിട്ട് നടത്തുമെന്ന തീരുമാനം റദ്ദാക്കണമെന്നും ബദലായി മറ്റ് മൂല്യനിര്‍ണയ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നുമാണ് ആവശ്യം.
Read more: സിബിഎസ്ഇ പരീക്ഷ : നിർദേശങ്ങള്‍ അയയ്ക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തില്‍ ബോർഡ് പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് സമവായത്തിലെത്തിയിരുന്നു. യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പ്രതിനിധികളും സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്നതിനെ അനുകൂലിച്ചു. തുടര്‍ന്ന് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും മെയ് 25 നകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാൽ അഭ്യർഥിച്ചു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീയതിയും പരീക്ഷ രീതിയും മെയ് 30 ന് പ്രഖ്യാപിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Read more: സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ നടത്തിയേക്കും ; മെയ് 30ന് തിയ്യതി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചതായി ഏപ്രിൽ 14 നാണ് സിബിഎസ്ഇ അറിയിച്ചത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ജൂൺ ഒന്നിനകം വിദ്യാർഥികൾക്ക് നൽകുമെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു.