ന്യൂഡല്‍ഹി: ശ്രീലങ്കന്‍ മത്സബന്ധന ബോട്ടില്‍ നിന്നും 300 കിലോ ഹെറോയിനും ആയുധങ്ങളും പിടികൂടി. ഇന്ത്യന്‍ തീര സംരക്ഷണ സേന നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ ലഹരി വസ്‌തുക്കള്‍ കണ്ടെടുത്തത്. സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന ആറ് ശ്രീലങ്കക്കാരെ അറസ്റ്റ് ചെയ്‌തു. എല്‍വൈ നന്ദന, എച്ച്കെജിബി ദാസ്സപ്പരിയ, എഎച്ച്എസ്, ഗുണശേഖര, എസ്‌എ സേനാരത്, ടി രണസിങ്കെ, ഡി നിശാങ്ക എന്നിവരാണ് പിടിയിലായത്. എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് ലഹരി വസ്‌തു കടത്തിയ രവിഹാന്‍സിയെന്ന ബോട്ടില്‍ നിന്നും കണ്ടെടുത്തത്.
ബോട്ടിലെ വാട്ടര്‍ ടാങ്കില്‍ 301 പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിക്കടത്ത് മാഫിയക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്തിലാണ് അധികൃതര്‍. ഇറാനില്‍ നിന്നും കപ്പല്‍ മാര്‍ഗം അറബിക്കടലിലെ ലക്ഷദ്വീപ് ഭാഗത്ത് എത്തിച്ച ഹെറോയിന്‍ ബോട്ടില്‍ ലങ്കയിലേക്ക് കടത്തവെയാണ് തീരസംരക്ഷണ സേനയുടെ പിടിയിലായതെന്ന് അധികൃതര്‍ പറഞ്ഞു. ലഹരി വസ്‌തുക്കളും ബോട്ടും ഉള്‍പ്പെടെ അധികൃതര്‍ വിഴിഞ്ഞത്തെത്തിച്ചു. നാര്‍ക്കോട്ടിക് ആക്‌ട് പ്രകാരം അറസ്റ്റ് ചെയ്‌ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്‌തു.