ഗുരുഗ്രാം/ ബിഹാർ : ഫറൂഖ്‌നഗറിലെ ബുദ്ധോ മാതാ ക്ഷേത്രത്തിൽ പ്രസാദം എന്ന പേരിൽ അജ്ഞാതൻ വിളമ്പിയ ഫ്രൂട്ട് ജ്യൂസ് കഴിച്ച 28 പേർ ബോധരഹിതരായി. ചൊവ്വാഴ്‌ച വൈകിട്ടായിരുന്നു സംഭവം. ബോധരഹിതരായതിൽ കൂടുതലും സ്‌ത്രീകളും കുട്ടികളുമായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ ഇന്ന് രാവിലെ ഡിസ്‌ചാർജ് ചെയ്‌തു. പാനീയം വിളമ്പിയ ആളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
പരാതിക്കാരിലൊരാളായ ഡൽഹി സ്വദേശി സുശീൽ കുമാർ പറയുന്നതിങ്ങനെ: കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ എത്തിയതായിരുന്നു. ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ഒരാൾ വന്ന് ഗ്ലാസുകളിൽ ഫ്രൂട്ട് ജ്യൂസ് വാഗ്‌ദാനം ചെയ്തു. ഇത് പ്രസാദം ആണെന്നും എല്ലാവർക്കും വിളമ്പുകയാണെന്നും അയാൾ പറഞ്ഞു. ജ്യൂസ് കഴിച്ച ഉടനെ എന്‍റെ ഭാര്യയും മരുമകളും ബോധരഹിതരായി - അദ്ദേഹം പറഞ്ഞു.
അതേസമയം പാനീയത്തിൽ മയക്കുമരുന്ന് കലർന്നിട്ടുണ്ടാകാം എന്നാണ് പൊലീസിന്‍റെ നിഗമനം. പ്രസാദമെന്ന് പറഞ്ഞ് അജ്ഞാതൻ ഇന്നലെ വൈകിട്ടാണ് ക്ഷേത്രപരിസരത്ത് ഫ്രൂട്ട് ജ്യൂസ് വിളമ്പിയത്. ഇവിടെ നിന്ന് കവർച്ചയോ മോഷണമോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഫറൂഖ്‌നഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സുനിൽ ബെനിവാൾ പറഞ്ഞു.
പ്രതിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 328 (വിഷം ഉപയോഗിച്ചുള്ള ആക്രമണം), 336 (മനുഷ്യ ജീവന് അപകടപ്പെടുത്തൽ), 120-ബി (ക്രിമിനൽ ഗൂഢാലോചന) എന്നിവ പ്രകാരം പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾ ഉടൻതന്നെ പിടിയിലാകും എന്നാണ് പ്രതീക്ഷ - പൊലീസ് കൂട്ടിച്ചേർത്തു.