ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ 269 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ബിഹാറിലാണ് ഏറ്റവുമധികം ഡോക്ടര്‍മാര്‍ മരണപ്പെട്ടത്. 78 പേരാണ് ബിഹാറില്‍ കൊവിഡിന് കീഴടങ്ങിയത്. ഉഉത്തര്‍ പ്രദേശില്‍ 37, ഡല്‍ഹിയില്‍ 28 എന്നിങ്ങനെയാണ് ജീവൻ നഷ്ടമായ ഡോക്‌ടർമാരുടെ കണക്ക്. ആന്ധ്രാപ്രദേശ് 22, തെലങ്കാന 19, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ 14 വീതം, തമിഴ്നാട് 11, ഒഡിഷ 10, കര്‍ണാടക 8, മധ്യപ്രദേശ് 5 എന്നിങ്ങനെയാണ് സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്ക്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അത്യാസന്ന നിലയിലായിരുന്ന ഐഎംഎ മുന്‍ പ്രസിഡന്‍റും പത്മശ്രീ ജേതാവുമായ ഡോ കെ.കെ അഗര്‍വാളും കഴിഞ്ഞ ദിവസം കൊവിഡിന് കീഴടങ്ങിയിരുന്നു.
Read more: ഐഎംഎ മുൻ പ്രസിഡന്‍റ് പത്മശ്രീ ഡോ കെകെ അഗർവാൾ കൊവിഡ് ബാധിച്ച് മരിച്ചു
കൊവിഡ് രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് രാജ്യം. ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്നും ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെയും നിരവധി പേരാണ് ദിവസവും മരണപ്പെടുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 2,52,28,996 ആണ്. ഇന്നലെ രോഗം ബാധിച്ചത് 2,63,533 പേർക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,329 പേർ കൂടി മരിച്ചതോടെ മരണനിരക്ക് 2,78,719 ആയി ഉയർന്നു.