പനാജി: ഗോവയിലെ സർക്കാർ മെഡിക്കൽ കോളജില്‍ ഓക്സിജൻ ക്ഷാമം മൂലം 26 കൊവിഡ് രോഗികൾ ചൊവ്വാഴ്ച മരിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു. തിങ്കളാഴ്ച 1400 ഓക്സിജൻ സിലിണ്ടറുകളായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ 400 എണ്ണം മാത്രമാണ് ലഭിച്ചതെന്നും ഓക്സിജന്‍റെ കുറവ് ഉണ്ടായിരുന്നുവെന്നും മന്ത്രി അറിയിച്ചു. മരണങ്ങളും അവയുടെ പിന്നിലെ കാരണങ്ങളും ഹൈക്കോടതി അന്വേഷിക്കണമെന്നും റാണെ പറഞ്ഞു.
Read More….. ഗോവ മെഡിക്കൽ കോളജിൽ 26 പേർ മരിച്ച സംഭവം; അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി
സംഭവത്തെ തുടർന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗോവ മെഡിക്കൽ കൊളേജ് ആശുപത്രി സന്ദർശിച്ചിരുന്നു. ആശുപത്രിയിലെ ഓക്സിജൻ വിതരണത്തിലെ താമസം മൂലം ചില രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്നും പ്രമോദ് സാവന്ത് പറഞ്ഞു. അടുത്ത 8-10 ദിവസത്തിനുള്ളിൽ 20 മെട്രിക് ടൺ ശേഷിയുള്ള ലിക്വിഡ് ഓക്സിജൻ സംഭരണ ടാങ്ക് ആശുപത്രിയില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഓക്സിജൻ ആവശ്യമില്ലാത്ത രോഗികളെ ഡോ.ഷാമ പ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ പ്രവര്‍ത്തനക്ഷമമാകുന്ന താല്‍ക്കാലിക ആശുപത്രിയിലേക്ക് മാറ്റും.
അതേസമയം, ഗോവയില്‍ കഴിഞ്ഞ ദിവസം 3124 പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. 75 പേര്‍ മരിക്കുകയും ചെയ്തു. മെയ് 24 വരെ ഗോവയില്‍ സര്‍ക്കാര്‍ കർഫ്യൂ ഏർപ്പെടുത്തി.