ന്യൂഡൽഹി: 2022 ല്‍ പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കോർ പാർട്ടി നേതാക്കളുമായി യോഗം വിളിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അംഗത്വം, പരിശീലനം, പ്രക്ഷോഭ പരിപാടികൾ, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ എന്നിവ ചൊവ്വാഴ്ച നടക്കുന്ന യോഗം ചർച്ച ചെയ്യും.
കോൺഗ്രസ് ജനറൽ സെക്രട്ടറിമാരും സംസ്ഥാന ഭാരവാഹികളുമാണ് ഒക്‌ടോബര്‍ 26 ന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുക. ഒക്‌ടോബർ 16ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ അടുത്ത വർഷം സംഘടന തെരഞ്ഞെടുപ്പ് നടത്താനും നവംബർ ഒന്നുമുതൽ അംഗത്വ ക്യാമ്പയിൻ ആരംഭിക്കാനും തീരുമാനിച്ചു. 2022 സെപ്‌റ്റംബർ ആറിന് സംഘടന തെരഞ്ഞെടുപ്പ് നടത്തും.
ALSO READ: കപ്പലിലെ ലഹരിപ്പാര്‍ട്ടി; കെ.പി ഗോസാവി കീഴടങ്ങാൻ തയ്യാറെന്ന റിപ്പോർട്ട് തെറ്റെന്ന് പൊലീസ്
ഒക്ടോബറിൽ അധ്യക്ഷന്മാരെ നിയമിക്കുമെന്നും ഔദ്യോഗിക വ്യത്തങ്ങള്‍ പറയുന്നു. യൂത്ത് കോൺഗ്രസ്, എൻ.എസ്.യു.ഐ, മഹിള കോൺഗ്രസ്, പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗം തുടങ്ങിയ സംഘടനകൾ രാഹുല്‍ ഗാന്ധിയെ പാർട്ടി അധ്യക്ഷനാക്കണമെന്ന പ്രമേയം പാസാക്കിയിരുന്നു. ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ച ഉയര്‍ന്നേക്കും.