പാറ്റ്ന : ബിഹാറിലെ ഭഗൽപൂർ, ബങ്ക, മധേപുര പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിഷ മദ്യ ദുരന്തത്തിൽ 19 മരണം. ഭഗൽപൂർ, മധേപുര, എന്നിവിടങ്ങളില്‍ എട്ട് പേർ വീതവും ബങ്കയിൽ മൂന്ന് പേരുമാണ് മരിച്ചത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു.
മരിച്ചവരേക്കാൾ അധികം പേർ ഗുരുതരാവസ്ഥയിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ കഴിയുകയാണ്. ദുരന്തത്തിന്‍റെ വ്യാപ്‌തി വർധിക്കാതിരിക്കാൻ പ്രദേശങ്ങളിൽ വ്യാപകമായ തിരച്ചിൽ തുടരുകയാണ്.
ഇതിനിടെ രോഷാകുലരായ ഗ്രാമവാസികൾ യൂണിവേഴ്‌സിറ്റി പോലീസ് സ്‌റ്റേഷനിലെ സാഹേബ്‌ഗഞ്ച് ചൗക്ക് ഉപരോധിച്ചു. തുടർന്ന് പ്രദേശത്ത് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
2016 ഏപ്രിൽ മുതലാണ് ബിഹാറിൽ മദ്യ വിൽപ്പനയും ഉപഭോഗവും പൂർണമായും നിരോധിച്ചത്. പൊലീസിന്‍റെ കണക്കുകൾ പ്രകാരം മദ്യ നിരോധനം നടപ്പിലാക്കിയ ശേഷം മദ്യ നിരോധന ലംഘനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.