മീററ്റ് (ഉത്തർപ്രദേശ്): ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പട്ടതിന് പിന്നാലെയുണ്ടായ പ്രതിഷേധ പ്രകടനത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പൊള്ളലേറ്റതിനെ തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്‌തതായി മീററ്റ് പൊലീസ് അറിയിച്ചു.
പ്രതിഷേധ പ്രകടനം ഏറെക്കുറെ സമാധാനപരമായിരുന്നുവെന്നും എന്നാൽ ചില സംഘടനകൾ നിയമം കൈയിലെടുത്തുകൊണ്ട് പല ജീവനുകളെയും അപകടത്തിലാക്കാൻ ശ്രമിച്ചുവെന്നും മീററ്റ് എസ്‌പി വിനീത് ഭട്‌നാഗർ പറഞ്ഞു. പ്രതിഷേധത്തിനിടെ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പൊള്ളലേറ്റു. ഇതിനു പിന്നാലെയാണ് അറസ്റ്റെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
READ MORE: ലഖിംപുർ ഖേരിയിലെ അക്രമം; രാജ്യവ്യാപകമായി ഇന്ന് കർഷക പ്രതിഷേധം
ഞായറാഴ്‌ച ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ മന്ത്രിമാര്‍ക്കെതിരേ നടന്ന പ്രതിഷേധത്തിലേക്ക് വാഹനം ഓടിച്ചുകയറ്റിയ സംഭവത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.
അതേസമയം മരിച്ച നാല് കർഷകരിൽ ഒരാളെ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര വെടിവച്ച് കൊലപ്പെടുത്തിയെന്നും മറ്റ് മൂന്നുപേരെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വാഹനവ്യൂഹം അപകടപ്പെടുത്തിയതുമാണെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) ആരോപണം. എന്നാൽ കിസാൻ മോർച്ചയുടെ ആരോപണങ്ങളെ ആശിഷ് മിശ്ര നിഷേധിച്ചു. സംഭവസ്ഥലത്ത് താൻ ഉണ്ടായിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.