പട്‌ന: ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ മരണം 16 ആയി. വെസ്റ്റ് ചമ്പാരനിലെ ലോറിയയിലാണ് വ്യാജ മദ്യ ദുരന്തമുണ്ടായത്. സംഭവത്തില്‍ പൊലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്‌ച മാത്രം എട്ട് പേരാണ് വ്യാജ മദ്യം കുടിച്ച് മരിച്ചത്.
സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രദേശവാസികൾ പ്രതികരിക്കാൻ തയ്യാറായില്ലെന്നും ഡെപ്യൂട്ടി മുഖ്യമന്ത്രി രേണു ദേവി അറിയിച്ചു. നിലവിലെ സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നും രേണു ദേവി കൂട്ടിച്ചേർത്തു. വ്യാജമദ്യം കുടിച്ചതിനെ തുടർന്നുണ്ടാകുന്ന രോഗലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടെങ്കിൽ മറച്ചുവക്കരുതെന്നും മെഡിക്കൽ സഹായം തേടണമെന്നും വെസ്റ്റ് ചബാരൻ ജില്ല മജിസ്‌ട്രേറ്റും ബേട്ടിയ പൊലീസ് സൂപ്രണ്ടും ജനങ്ങളോട് അഭ്യർഥിച്ചു.
മൂന്നു ദിവസമായി മൂന്ന് ഗ്രാമങ്ങളിലെ എട്ടുപേർ മരിച്ചതായി ജില്ല മജിസ്ട്രേറ്റ് കുന്ദൻ കുമാർ അറിയിച്ചിരുന്നു. വെള്ളിയാഴ്ച എട്ടു മരണം കൂടി സ്ഥിരീകരിക്കുകയായിരുന്നു. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന അവബോധം ജനങ്ങളിൽ സൃഷ്‌ടിക്കാനായി എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.