ഗുരുഗ്രാം (ഹരിയാന) : 14കാരിയെ വീട്ടുജോലിക്ക് നിർത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്‌ത ദമ്പതികൾ പിടിയിൽ. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശികളായ മനീഷ് ഖട്ടാർ, ഭാര്യ കമൽജിത് കൗർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. മാധ്യമപ്രവർത്തകയും ഡോക്യുമെന്‍ററി സംവിധായികയുമായ ദീപിക നാരായൺ ഭരദ്വാജാണ് പെൺകുട്ടിക്ക് നേരെയുള്ള പീഡനം വെളിച്ചത്തുകൊണ്ടുവന്നത്. ക്രൂരമർദനത്തിനിരയായ പെണ്‍കുട്ടി നിലവിൽ ചികിത്സയിലാണ്.
തങ്ങളുടെ മൂന്നര വയസുള്ള കുഞ്ഞിനെ പരിചരിക്കുന്നതിനും, വീട്ടുജോലികൾ ചെയ്യുന്നതിനുമായാണ് ജാർഖണ്ഡ് സ്വദേശിയായ 14 കാരിയെ ദമ്പതികൾ ജോലിക്ക് നിയമിച്ചത്. എന്നാൽ ജോലികൾ ശരിയായി ചെയ്യുന്നില്ലെന്ന് കാട്ടി ഇവർ കൂട്ടിയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. പൊലീസെത്തി മോചിപ്പിക്കുമ്പോൾ ശരീരമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു പെണ്‍കുട്ടി.
അവളുടെ ദയനീയാവസ്ഥ ദീപിക നാരായൺ ഭരദ്വാജ് ട്വിറ്ററിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. ക്രൂരമായ മർദനങ്ങളിൽ പരിക്കേറ്റ പെണ്‍കുട്ടിയുടെ ചിത്രങ്ങൾ സഹിതമായിരുന്നു ട്വീറ്റ്. ചില ദിവസങ്ങളിൽ പെണ്‍കുട്ടിക്ക് കൃത്യമായി ഭക്ഷണം നൽകാറില്ലെന്നും ചവറ്റുകുട്ടയിൽ നിന്ന് പോലും ഭക്ഷണം കഴിക്കേണ്ടി വന്നതായും ദീപിക ട്വീറ്റ് ചെയ്‌തിരുന്നു.
പിന്നാലെ ദമ്പതികളെ പിടികൂടണമെന്നും ഇവർക്ക് തക്കതായ ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് നിരവധിപേർ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തി. തുടർന്ന് പൊലീസ് ദമ്പതിമാരുടെ വീട്ടിലെത്തി പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. അറസ്റ്റിലായ ദമ്പതിമാര്‍ക്കെതിരെ പോക്‌സോ, ജുവനൈല്‍ വകുപ്പുകളടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ALSO READ: കൊച്ചുമകളെ അഞ്ച് വര്‍ഷം തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചു ; 70കാരന് 20 വര്‍ഷം തടവ്
അതേസമയം ആരോപണ വിധേയയായ യുവതിയെ പിരിച്ചുവിട്ടതായി ഇവർ ജോലി ചെയ്‌തിരുന്ന മീഡിയ മന്ത്ര എന്ന പിആർ സ്ഥാപനം അറിയിച്ചു. ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും ലൈംഗികാതിക്രമത്തിന് ഇരയായോ എന്ന കാര്യങ്ങളടക്കം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.