ന്യൂഡൽഹി: ഡല്‍ഹി സർവകലാശാലയിലെ പതിമൂന്ന് വിദ്യാർഥികൾക്കും രണ്ട് ഉദ്യോഗസ്ഥർക്കും കൊവിഡ്. ഡൽഹൗസിയിലേക്കുള്ള ഒരു പ്രാര്‍ഥന ചടങ്ങിന് ശേഷമാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
"പതിമൂന്ന് വിദ്യാർഥികൾക്ക് കൊവിഡ് പോസിറ്റീവാണ്. ആവശ്യമായ മുൻകരുതൽ എടുക്കാൻ ഡീനിന്‍റെ ഓഫീസ് മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, ഹോസ്റ്റലിലെ മറ്റെല്ലാ വിദ്യാർഥികൾക്കും സാമൂഹിക അകലം കർശനമായി പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്", എന്ന് പ്രിൻസിപ്പൽ ജോൺ കെ വർഗീസ് പറഞ്ഞു.
ഏകദേശം നാൽപ്പതോളം വിദ്യാർഥികൾ യാത്ര ചെയ്തതിൽ 25 പേർ ഹോസ്റ്റലിൽ താമസിക്കുന്നവരാണെന്നാണ് അടുത്തുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 89,129 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 1,23,92,260 ആയി. മൂന്നാഴ്ചയിലേറെയായി കേസുകളിൽ വർധനവുണ്ട്.
മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, കേരളം, ഛത്തീസ്‌ഗഢ്, ചണ്ഡിഗർ, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട്, ഡല്‍ഹി, ഹരിയാന എന്നിവയാണ് രോഗ വ്യാപനത്തിൽ കടുത്ത ആശങ്കയുള്ള സംസ്ഥാനങ്ങൾ.