പട്‌ന: ഇടിമിന്നലേറ്റ് ബുധനാഴ്‌ച ബിഹാറിലെ വിവിധ പ്രദേശങ്ങളിലായി 13 പേർ മരിച്ചു. ഭാഗൽപൂർ ജില്ലയിലെ ജഗദീഷ്‌പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് പേരാണ് മരിച്ചത്. ഒരാൾക്ക് പൊള്ളലേൽക്കുകയും ചെയ്തു. കന്നുകാലികളെ മേയ്‌ക്കാൻ കൊണ്ടുപോയി മടങ്ങവെയായിരുന്നു അപകടം. ശ്രീരാം യാദവ് (46), കൈലാഷ് യാദവ് (58) എന്നിവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. സുജിത് കുമാർ, ആനന്ദ് കുമാർ എന്നിവരെ പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
Also Read: ബിഹാറിൽ കൊവിഡ് കവർന്നത് 40 നഴ്‌സുമാരുടെ ജീവൻ
സുപൗളിലെ കിസാൻപൂർ സ്‌റ്റേഷൻ പരിധിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. സമസ്‌തിപൂർ ജില്ലയിലെ സരൈരഞ്ജൻ സ്റ്റേഷൻ പരിധിയിൽ വയലിൽ ജോലി ചെയ്യുകയായിരുന്ന ഒരു തൊഴിലാളിയും മരിച്ചു. നീം നവാഡ പഞ്ചായത്തിലെ ഭഗ്രാർ ഗ്രാമത്തിൽ ഇടിമിന്നലിനെ തുടർന്ന് സീതാറാം യാദവ്(35) മരിച്ചു. കനത്ത മഴയെത്തുടര്‍ന്ന് ഈ പ്രദേശത്ത് ഒരു സ്‌ത്രീയും മരണപ്പെട്ടു.
ഇടിമിന്നൽ മൂലം മുൻഗറിൽ 10 വയസുള്ള കുട്ടി ഉൾപ്പെടെ രണ്ട് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ എല്ലാവരെയും സംഗ്രാംപൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. അതേസമയം ബെഗുസാരായിയിലെ ഭഗവൻപൂർ സ്റ്റേഷൻ പരിധിയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. സംസ്ഥാനത്ത് കനത്ത മഴയിലും മിന്നലിലും നിരവധി മാമ്പഴത്തോട്ടങ്ങള്‍ അടക്കം വിളകൾക്ക് നാശനഷ്‌ടമുണ്ടായി. കൂടാതെ 12 കന്നുകാലികള്‍ക്കും ജീവഹാനിയുണ്ടായി.
Also Read: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ; 5 ജില്ലകളിൽ യെല്ലോ അലർട്ട്