ന്യൂഡല്‍ഹി: ഒറ്റയ്ക്ക് ചെങ്കോട്ട കാണാനെത്തി തിരികെ വീട്ടിലേക്കുള്ള വഴി മറന്നുപോയ പന്ത്രണ്ടുകാരന് രക്ഷകരായി ഡല്‍ഹി പൊലീസ്. വെസ്‌റ്റ് ഡല്‍ഹിയിലെ ഉത്തംനഗറിലുള്ള വീട്ടില്‍ നിന്ന് 26 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണ് കുട്ടി ഡല്‍ഹിയിലെത്തിയത്. ചരിത്ര സ്‌മാരകങ്ങള്‍ നേരില്‍ കാണുകയായിരുന്നു ലക്ഷ്യം. ഇതിനിടെ വീട്ടിലേക്കുള്ള വഴി മറന്നുപോകുകയായിരുന്നു.
നവംബര്‍ 23നാണ് സംഭവം. ഉച്ചയ്ക്ക് ശേഷം വീട്ടിൽ നിന്നിറങ്ങിയ പന്ത്രണ്ടുകാരന്‍ വൈകുന്നേരത്തോടെ ചെങ്കോട്ടയിലെത്തി. കുറച്ച് നേരം ചെങ്കോട്ട പ്രദേശത്ത് കറങ്ങിനടന്നു. നേരം ഇരുട്ടിയതോടെ തിരികെ പോകാനുള്ള വഴി മറന്ന കുട്ടി മൊബൈൽ പോലീസ് കൺട്രോൾ റൂം (പിസിആർ) വാൻ കണ്ടെത്തി പൊലീസുകാരോട് കാര്യം പറഞ്ഞു. എവിടെയാണ് താമസിക്കുന്നതെന്ന ചോദ്യത്തിന് ഉത്തംനഗർ മെട്രോ സ്റ്റേഷന്‍ മാത്രമാണ് കുട്ടിക്ക് ഓര്‍മയുണ്ടായിരുന്നത്.
Also read: Worlds tallest railway bridge: ലോകത്തെ ഏറ്റവും ഉയരമേറിയ റെയിൽപാലം മണിപ്പൂരിൽ ഒരുങ്ങുന്നു
കോട്ട്‌വാലി സ്റ്റേഷൻ ഹൗസ് ഓഫിസർ പിസിആർ വാനിലെത്തി കുട്ടിയെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഉത്തംനഗർ മെട്രോ സ്‌റ്റേഷനിൽ എത്തിയ ശേഷം വീട്ടിലേക്കുള്ള വഴി തിരിച്ചറിയാമെന്ന് കുട്ടി പറഞ്ഞു. തുടര്‍ന്ന് പൊലീസ് കുട്ടിയെ സുരക്ഷിതമായി നവാഡയിലെ വീട്ടിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ മാസവും പന്ത്രണ്ടുകാരന്‍ സൈക്കിളില്‍ ഒറ്റയ്ക്ക് സാഹസിക യാത്ര നടത്തിയിരുന്നു.