ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിൽ കോൾസെന്‍ററിന്‍റെ മറവിൽ തൊഴിൽ തട്ടിപ്പ് നടത്തിയിരുന്ന സംഘം പൊലീസിന്‍റെ പിടിയിലായി. എട്ട് സ്ത്രീകളടങ്ങുന്ന 12 അംഗ സംഘത്തെയാണ് ഗാസിപ്പൂർ ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന കോൾസെന്‍ററിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇൻഡിഗോ എയർലൈൻസിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തുക പിരിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. കോൾസെന്‍ററിന്‍റെ സ്ഥാപകൻ സുർജീത്ത് ഇയാളുടെ സഹായി സുന്ദരം ഗുപ്ത എന്നിവരാണ് തട്ടിപ്പിന്‍റെ സൂത്രധാരൻമാർ.
നൂറ് കണക്കിന് ആളുകൾ തങ്ങളുടെ കമ്പനിയുടെ പേരിൽ പറ്റിക്കപ്പെടുന്നുണ്ടെന്ന് ഇൻഡിഗോ കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. ഓരോ തൊഴിൽ അന്വേഷകനും ഇൻഡിഗോ കമ്പനിയുടെ വ്യാജ നിയമനക്കത്ത് നൽകി 10 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം പിരിച്ചെടുത്തത്. മുഖ്യ പ്രതികളായ സുർജീത്തും സുന്ദരം ഗുപ്തയും പത്ത് പേരെ പ്രതിമാസം 9000 രൂപ ശമ്പളം നൽകി ജോലിക്കെടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്.
സംഘം ജോലി സംബന്ധമായ ഓൺലൈൻ പോർട്ടലുകളിൽ ജോലിയെപ്പറ്റിയുള്ള പരസ്യം നൽകും. തുടർന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഘം തൊഴിൽ അന്വേഷകരെ ഫോണിൽ വിളിച്ച് ജോലി വാഗ്ദാനം നൽകി പ്രലോഭിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കോൾസെന്‍ററിൽ നടത്തിയ പരിശോധനയിൽ 16 ഫോണുകളും സിംകാർഡുകളും ഏഴ് കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു. 26,000 രൂപ പണവും തട്ടിപ്പിന് ഉപയോഗിക്കുന്ന രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
Also read: പാമ്പൻ പാലത്തിന്‍റെ തൂണില്‍ ബാർജ് ഇടിച്ചു; സുരക്ഷയില്‍ ആശങ്ക