ന്യൂഡല്‍ഹി: രാജ്യത്ത് 2020ല്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉണ്ടായത് 11 ശതമാനത്തിന്‍റെ വര്‍ധന. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് 50,035 സൈബര്‍ കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 2019ല്‍ ഇത് 44,735ആയിരുന്നു. 2018ല്‍ 27,248ഉം 2017ല്‍ 21,796 സൈബര്‍ കുറ്റകൃത്യങ്ങളും രാജ്യത്ത് രജിസ്റ്റര്‍ ചെയ്തു.
2019ല്‍ മൊത്തം കുറ്റകൃത്യങ്ങളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ 3.3ശതമാനം ആയിരുന്നത് 2020ല്‍ 3.7ശതമാനമായി ഉയര്‍ന്നു . 2020ല്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ കുറ്റകൃത്യങ്ങളില്‍ 60.2ശതമാനം ഓണ്‍ലൈനിലൂടെ കബളിപ്പിച്ച് പണംതട്ടല്‍ കേസുകളായിരുന്നു. ഇത്തരത്തിലുള്ള 30,142 കേസുകളാണ് 2020ല്‍ രജിസ്റ്റര്‍ചെയ്തത്. ഓണ്‍ലൈനിലൂടെ ലൈംഗികമായി ചൂഷണം ചെയ്യല്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ 6.6ശതമാനമാണ്.
സൈബര്‍കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതില്‍ പാര്‍ലമെന്‍റിന്‍റെ ആഭ്യന്തര മന്ത്രാലയ സ്റ്റാന്‍റിംഗ് കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു. സൈബര്‍ ക്രിമിനലുകള്‍ പുതിയ രീതികള്‍ അവംലബിക്കുകയാണെന്ന് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പഞ്ചാബ്, ഗോവ, ആസാം എന്നീ സംസ്ഥാനങ്ങളില്‍ ഒരൊറ്റ സൈബര്‍ ക്രൈം സെല്ലുപോലുമില്ലെന്ന് സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഒന്നോ രണ്ടോ സൈബര്‍ ക്രൈം സെല്ലുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ജില്ലകളിലും സൈബര്‍ സെല്ലുകള്‍ രൂപികരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിക്കണമെന്ന് സ്റ്റാന്‍റിങ് കമ്മിറ്റി ശിപാര്‍ശ ചെയ്തു.
സൈബര്‍ ക്രൈം കൂടുതലായി നടക്കുന്ന മേഖലകള്‍ കണ്ടെത്തി മുന്‍കൂട്ടിയുള്ള നടപടികള്‍ ഉണ്ടാകണം. രാജ്യത്തെ പൊലീസ് സേനകളില്‍ കൂടുതല്‍ സൈബര്‍ സാങ്കേതിക വിധഗ്ദ്ധരെ ഉള്‍പ്പെടുത്തണം. ഡാര്‍ക്ക് വെബ് മോണിറ്ററി സെല്ലുകളും, സമൂഹമാധ്യമ നിരീക്ഷണ സെല്ലുകള്‍ ശക്തിപ്പെടുത്തണമെന്നും ആഭ്യന്തരമന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മറ്റി നിര്‍ദേശിച്ചു.
പൊലീസ് സേനകളില്‍ വരുത്തേണ്ട പരിഷ്കാരങ്ങളെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ആനാന്ദ് ശര്‍മ്മ അധ്യക്ഷനായ സ്റ്റാന്‍ഡിങ് കമ്മിറ്റി പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ചു.
ALSO READ: മാധ്യമ പ്രവർത്തക റാണ അയ്യൂബിൽ നിന്ന് 1.77 കോടി രൂപ കണ്ടുകെട്ടി