അമൃത്‌സർ: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും രക്തകലുഷിതമായ സംഭവമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് 102 വയസ്. ഏപ്രിൽ 13, 1919 ന് നടന്ന സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന ഏടായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ രക്തസാക്ഷിത്വം വരിച്ചത് ബ്രിട്ടീഷ് സർക്കാരിന്‍റെ കണക്ക് പ്രകാരം 291 പേരാണ്. എന്നാൽ ഇന്ത്യയുടെ കണ്ടെത്തൽ പ്രകാരം 500ലേറെ പേരാണ് പഞ്ചാബിലെ അമൃത്‌സറിലെ ജാലിയൻവാലാബാഗിൽ നടന്ന ആ കിരാത പ്രവൃത്തിയിലൂടെ രക്തസാക്ഷിത്വം ഏറ്റുവാങ്ങിയത്.
കൂട്ടക്കൊലയിൽ മരണം ഏറ്റുവാങ്ങിയ വിപ്ലവകാരികളോടും നിരായുധരായ ജനങ്ങളോടുമുള്ള ബഹുമാനാർഥം 1951ൽ ജാലിയൻവാലാബാഗിൽ സ്മാരകം സ്ഥാപിക്കുകയും 'യാദ്-ഇ-ജാലിയൻ' മ്യൂസിയം നവീകരിച്ച് സഞ്ചാരികൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു. 102 വർഷങ്ങൾക്ക് മുൻപ് നടന്ന കിരാത പ്രവർത്തി ഇന്ത്യൻ ദേശീയതയോടുള്ള ഗാന്ധിയുടെ പരിപൂർണ സഹകരണത്തിന് വഴിവച്ചു. മറ്റൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിൽ സ്വാതന്ത്രത്തിന് വേണ്ടിയുള്ള ദാഹം ഇന്ത്യൻ ജനതയിൽ ഉണ്ടാക്കിയെടുക്കാനും കൂട്ടക്കൊലക്ക് കഴിഞ്ഞു.
കൂട്ടക്കൊലയ്ക്ക് കാരണമായത് റൗലറ്റ് ആക്ട്
വിചാരണ കൂടാതെ രാജ്യദ്രോഹ കുറ്റം ചുമത്തി ഏതു വ്യക്തിയേയും തുറുങ്കിലടക്കാൻ ഗവൺമെന്‍റിന് അധികാരം നൽകുന്ന റൗലറ്റ് ആക്ട്(ബ്ലാക്ക് ആക്ട്) 1919 മാർച്ച് 10ന് പാസായ ശേഷം രാജ്യ വ്യാപകമായി വൻ പ്രതിഷേധം ഉയർന്നു വന്നു. മഹാത്മാഗാന്ധി സത്യാഗ്രഹം ആരംഭിച്ചു.
ഏപ്രിൽ 7 ന് ഗാന്ധി റൗലറ്റ് നിയമത്തെ എതിർക്കുന്നതിനുള്ള മാർഗങ്ങൾ വിശദികരിച്ച് സത്യഗ്രഹി എന്ന ലേഖനം എഴുതി. ഇത് ബ്രിട്ടീഷുകാരെ ചൊടിപ്പിക്കുകയും ഗാന്ധിയെയും മറ്റ് നേതാക്കളെയും നേരിടാനുള്ള വഴികൾ ആസൂത്രണം ചെയ്യാനും കാരണമായി. ഗാന്ധി പഞ്ചാബിലേക്ക് പ്രവേശിക്കുന്നത് വിലക്കി. ഹിന്ദു-മുസ്‌ലിം ഐക്യം പ്രതീകാത്മകമായി കണ്ട ഡോ. സൈഫുദീൻ കിച്ച്ലുവും ഡോ. സത്യപാലും റൗലറ്റ് നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. 1919 ഏപ്രിൽ 9ന് പഞ്ചാബ് ഗവർണറായ മൈക്കൾ ഡയർ കിച്ച്ലുവിനെയും സത്യപാലിനെയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടുകൊണ്ട് നിയമത്തെ എതിർത്തവരെയെല്ലാം അടിച്ചമർത്തി.
ഏപ്രിൽ 13ന് ബൈശാഖി ആഘോഷിക്കാൻ ജാലിയൻവാലാബാഗിൽ ഒത്തുകൂടിയവർക്കു നേരെ പ്രതിഷേധക്കാർ എന്ന് തെറ്റിദ്ധരിച്ച് ഡയറിന്‍റെ ആജ്ഞപ്രകാരം 1650 റൗണ്ട് വെടിയുതിർത്തു. പട്ടാളക്കാർ തങ്ങളുടെ കയ്യിലുള്ള വെടിയുണ്ടകൾ തീരുന്നതുവരെ 15 മിനുട്ടോളം നിരായുധരായ ജനങ്ങൾക്കു നേരെ നിറയൊഴിച്ചു. മരിച്ചു വീണ 500ൽ പരം ആളുകളുടെയും പരിക്കേറ്റ 1000ത്തോളം ആളുകളുടേയും രക്തം വീണ് ജാലിയൻവാലാബാഗ് ചുവന്നു.