ബേക്കറിയില്‍ നിന്ന് ജ്യൂസും കശുവണ്ടിപ്പരിപ്പും ഫ്ലവർമാർട്ടില്‍ നിന്ന് ചില്ലറത്തുട്ടുകൾ, നെടുമങ്ങാട്ടെ മോഷ്‌ടാവിനെ തേടി പൊലീസ് - Widespread theft In Nedumangad town
Published : Mar 20, 2024, 5:18 PM IST
തിരുവനന്തപുരം : നെടുമങ്ങാട് നഗരത്തില്‍ വ്യാപക മോഷണം. നെടുമങ്ങാട് കച്ചേരിനടയിലെ സുന്ദരം ഫ്ലവർ മാർട്ട്, റാംസസ് സ്‌റ്റുഡിയോ, ഗവ:കളമച്ചൽ കൈത്തറി, സജി ബേക്കറി, ബിസ്‌മി ഫാൻസി, ഡ്രൈ ഫ്രൂട്ട്സ് കട എന്നീ ആറ് കടകളിലാണ് മോഷണം നടന്നത്. മേൽക്കൂരയിലെ തകിട് ഷീറ്റുകൾ മുറിച്ച് മാറ്റിയാണ് മോഷ്‌ടാവ് കടകളുടെ അകത്ത് കടന്നത്. സുന്ദരം ഫ്ലവർ മാർട്ടിൽ ക്യാഷ് കൗണ്ടർ വെട്ടി പൊളിച്ചാണ് ചില്ലറ തുട്ടുകൾ ഉൾപ്പടെ 15000 രൂപ മോഷ്‌ടിച്ചത്. റാംസസ് സ്‌റ്റുഡിയോയിൽ വിലപിടിപ്പുള്ള കാമറകൾ ഉണ്ടായിരുന്നെങ്കിലും മേശവലിപ്പിൽ നിന്ന് 1000 രൂപയോളം ചില്ലറ തുട്ടുകൾ സൂക്ഷിച്ചിരുന്ന പണപ്പെട്ടിയാണ് അപഹരിച്ചത്. കളമച്ചൽ കൈത്തറിയിലും സജി ബേക്കറിയിലും തട്ട് പൊളിച്ചിറങ്ങിയെങ്കിലും ഒന്നും കളവ് പോയിട്ടില്ല. ബിസ്‌മി ഫാൻസിയിൽ തട്ട് പൊളിച്ച് ഇറങ്ങിസി സിസിടിവി മുകളിലേക്ക് തിരിച്ച് വച്ചതിന് ശേഷം മേശവലിപ്പ് പൊളിച്ച് 20,000 രൂപ മോഷ്‌ടിച്ചു. ഫ്രൂട്ട്സ് കടയിൽ ഇറങ്ങിയ മോഷ്‌ടാവ് ഒരു കുപ്പി ജൂസ്, ഒരു കവർ കശുവണ്ടി പരിപ്പ്, ഒരു കവർ ഇന്തപ്പഴം എന്നിവയും പണവും മോഷ്‌ടിച്ചു. നെടുമങ്ങാട് പൊലീസ് പരിശോധന നടത്തി. വിരലടയാള വിഭാഗം ഉടൻ എത്തി പരിശോധന നടത്തും. സിസിടിവിയിൽ പതിഞ്ഞ മോഷ്‌ടാവിന്‍റെ ദൃശ്യം പൊലീസിന് കൈമാറി.