കൊട്ടിയൂരിൽ കൃഷിയിടത്തിൽ കടുവ കുടുങ്ങി; പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി വനംവകുപ്പ് - കണ്ണൂർ
Published : Feb 13, 2024, 12:44 PM IST
കണ്ണൂർ: പന്ന്യാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കടുവ കുടുങ്ങി. ഇന്ന് (13.02.24) പുലർച്ചെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിങ് ജോലിക്ക് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിക്കിടക്കുന്ന കടുവയെ കണ്ടത്. കടുവയുടെ ഒരു കാൽ മാത്രമാണ് കുടുങ്ങിയത്. ടാപ്പിങ് തൊഴിലാളികള്‍ ഉടന്‍ തന്നെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. മണത്തണ സെക്ഷൻ ഫോറസ്റ്റിന് കീഴിലുള്ള വനപാലകർ സ്ഥലത്തെത്തി. ഏതുനേരവും കടുവ കുടുക്കിൽ നിന്ന് പുറം ചാടാൻ സാധ്യത ഉള്ളതിനാൽ പ്രദേശവാസികൾക്കൊക്കെ വനവകുപ്പും പൊലീസും കര്‍ശന ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ബെലൂർ മഖ്‌ന എന്ന കാട്ടാനയെ പിടികൂടാൻ വനംവകുപ്പ് സംഘം ഒന്നടങ്കം മാനന്തവാടിയിൽ നിൽക്കുമ്പോഴാണ് കണ്ണൂരിലും ജനവാസ കേന്ദ്രത്തിൽ കടുവ ഇറങ്ങിയത്. അതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ മാനന്തവാടിയിൽ നിന്ന് കണ്ണൂരിൽ എത്തിയാൽ മാത്രമേ കടുവയെ പിടിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിലേക്ക് പോകാൻ സാധിക്കുകയുള്ളൂ. ബെലൂർ മഖ്‌ന എന്ന കാട്ടാനയെ പിടികൂടാൻ വനംവകുപ്പ് നാലാം ദിനവും ശ്രമം തുടരുകയാണ്. ആനയെ കണ്ടെത്തിയിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നുമാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.