വ്യവസായ വകുപ്പിന് കീഴിൽ വാണിജ്യ ഡിവിഷന്‍, പ്രത്യേക വകുപ്പ് തന്നെ വേണമെന്ന് ആവശ്യം; പി രാജീവ്
Published : Jan 24, 2024, 8:53 PM IST
തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിൽ പ്രത്യേക വാണിജ്യ ഡിവിഷൻ വരുന്നു. പ്രത്യേക വകുപ്പ് തന്നെ വേണമെന്ന തരത്തിൽ ആവശ്യമുയർന്നതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സെക്രട്ടറിയേറ്റിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗവും വ്യവസായ വാണിജ്യ ഡയറക്‌ടറേറ്റിൽ പ്രത്യേക വാണിജ്യ ഡിവിഷൻ സ്ഥാപിക്കാനും തീരുമാനിച്ചതെന്ന് പി രാജീവ് അറിയിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നവകേരള സദസിൽ ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് നടപടി. വാണിജ്യം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാരിന് പ്രത്യേകം വകുപ്പുണ്ട്. ഇതിന് സമാനമായ സംവിധാനമാണ് സംസ്ഥാനത്ത് വരുന്നത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കും. വ്യാപാര വാണിജ്യ ഫയലുകൾ കൈകാര്യം ചെയ്യാൻ ഒരു അണ്ടർ സെക്രട്ടറിയെയും നിയോഗിക്കും. പുതിയ ഡിവിഷനിലൂടെ റീ ടെയിൽ വ്യാപാര മേഖലയ്ക്ക് 4 ശതമാനം പലിശ നിരക്കിൽ വായ്‌പകൾക്ക് പലിശയിളവ്, ജെം പോർട്ടലിലെ രജിസ്ട്രേഷൻ ഫീസ് തിരികെ നല്‍കൽ എന്നിവയും ലക്ഷ്യമിടുന്നുണ്ട്. പുതിയ വാണിജ്യ ഡിവിഷൻ നിലവിൽ വരുമ്പോൾ വ്യവസായ വാണിജ്യ ഡയറക്‌ടറേറ്റിലും ജില്ല വ്യവസായ കേന്ദ്രങ്ങളിലും ഉണ്ടാകുന്ന തസ്‌തികകൾ, ഐഎഎസ് കേഡറിൽ നിന്നുള്ള സ്പെഷ്യൽ ഓഫീസർ കോമേഴ്‌സ്, ജോയിന്‍റ് ഡയറക്‌ടർ (കോമേഴ്‌സ്) 1, ഡെപ്യൂട്ടി ഡയറക്‌ടർ (കോമേഴ്‌സ്) 1, ജില്ല വ്യവസായ കേന്ദ്രത്തിലെ മാനേജർ (കോമേഴ്‌സ്) 14, ക്ലറിക്കൽ സ്റ്റാഫ് - ഡയറക്‌ടറേറ്റ് (2), ജില്ല വ്യവസായ കേന്ദ്രം (14), ഡിഐസി കൾ (1).