കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി റബര്‍ വില; കാര്യമായ പ്രയോജനം ചെയ്യില്ലെന്ന് കര്‍ഷകര്‍
Published : Jan 23, 2024, 10:17 PM IST
ഇടുക്കി: കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി വിപണിയില്‍ റബറിന് വില ഉയരുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ആഗോള ഉത്പാദനം ഇടിഞ്ഞതാണ് ഇപ്പോഴത്തെ വില വര്‍ധനവിന് കാരണം. പോയ മാസം പെയ്‌ത മഴയും മരങ്ങളിലെ ഇല കൊഴിച്ചിലും കേരളത്തിലും റബറിന്‍റെ ഉത്പാദനം മന്ദീഭവിപ്പിച്ചു. കേരളത്തിലെ പ്രധാന വില്‍പ്പന കേന്ദ്രങ്ങളില്‍ നൂറ്റമ്പതിന് മുകളിലാണ് വ്യാപാരി വില. നൂറ്റിമുപ്പതിലേക്ക് വരെ സമീപകാലത്ത് റബര്‍ വില കൂപ്പ് കുത്തിയിരുന്നു. ഇതോടെ കര്‍ഷകര്‍ പലരും ടാപ്പിംഗ് നിര്‍ത്തി വച്ചു. ഇപ്പോള്‍ ഉണ്ടായിട്ടുള്ള വില വര്‍ധനവും തങ്ങള്‍ക്ക് കാര്യമായ പ്രയോജനം ചെയ്യുന്നതല്ലെന്ന് കര്‍ഷകര്‍ പറയുന്നു. മരങ്ങള്‍ ഇല കൊഴിച്ചതോടെ ചെറുകിട കര്‍ഷകര്‍ പലരും ടാപ്പിംഗ് നിര്‍ത്തി വയ്ക്കുകയോ ടാപ്പിംഗ് നിര്‍ത്താന്‍ ഒരുങ്ങുകയോ ചെയ്യുകയാണ്. മഴക്കാലത്തിന് ശേഷവും ഇടക്കിടെ മഴ പെയ്‌തത് റബ്ബര്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. റബറിന് വില സ്ഥിരത കൊണ്ടു വരണമെന്ന ആവശ്യം കാലങ്ങളായി കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്നുണ്ട്. പണിക്കൂലിയടക്കം റബര്‍ ഷീറ്റ് ഉല്‍പാദിപ്പിക്കാനുള്ള ചിലവ് വര്‍ധിച്ചത് കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്.