'സ്റ്റൈല് സ്റ്റൈല് താൻ, ഇത് സൂപ്പർ സ്റ്റൈല് താൻ' ; ആരാധകരെ ഞെട്ടിച്ച് വീണ്ടും മമ്മൂട്ടി - സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി
Published : Feb 14, 2024, 4:10 PM IST
ഫാഷൻ ട്രെൻഡുകൾക്കൊപ്പം കൃത്യമായി സഞ്ചരിക്കുന്ന, അനുനിമിഷം സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്ന മലയാളത്തിലെ ചുരുക്കം നടന്മാരിൽ മുൻപന്തിയിലാകും മമ്മൂട്ടിയുടെ പേര്. കലക്കൻ ലുക്കിലെത്തി സൈബറിടത്തിലാകെ തരംഗം തീർക്കാറുണ്ട് മലയാളത്തിന്‍റെ പ്രിയനടൻ. യുവതാരങ്ങളെപ്പോലും ഞെട്ടിക്കുന്ന മേക്കോവറുകളുമായി പ്രത്യക്ഷപ്പെടാറുള്ള മെഗാസ്റ്റാർ ഇപ്പോഴിതാ വീണ്ടും സ്റ്റൈലിഷ് ലുക്കിലെത്തി ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്‌ത 'ഭ്രമയുഗ'ത്തിന്‍റെ പ്രസ് മീറ്റിൽ എത്തിയ താരത്തിന്‍റെ ലുക്കാണ് ചർച്ചയാവുന്നത്. കണ്ണട മുതൽ ചെരുപ്പ് വരെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രസ് മീറ്റിനെത്തിയ മറ്റുതാരങ്ങളും അണിയറ പ്രവർത്തകരും കറുത്ത ഷർട്ടും വെളുത്ത മുണ്ടുമാണ് അണിഞ്ഞത്. എന്നാൽ ലോങ് ഡബിൾ പോക്കറ്റ് ഓവർസൈസ്‌ഡ് വൈറ്റ് ഷർട്ടും ഗ്രേ ജീൻസുമാണ് മമ്മൂട്ടിയുടെ വേഷം. കഴുത്തിൽ ലോങ് ആൻഡ് റൗണ്ട് പേൾ മുത്തുമാലകളും താരം ധരിച്ചിട്ടുണ്ട്. എല്ലാവരും ഒരേ വേഷത്തിൽ എത്തുമ്പോൾ താൻ അൽപം വ്യത്യസ്‌തനാകട്ടെ എന്നായിരുന്നു വേഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ മമ്മൂട്ടിയുടെ മറുപടി. അടുത്തകാലത്തായി പൊതുപരിപാടികളിലും മറ്റും പങ്കെടുക്കാനെത്തുന്ന താരം ലുക്കിലും സ്റ്റൈലിലും ഏവരെയും ഞെട്ടിക്കാറുണ്ട്. കൊല്ലം കലോത്സവത്തിൽ മമ്മൂട്ടി അതിഥിയായി എത്തുമെന്ന് അറിഞ്ഞപ്പോൾ ആരാധകരും ജനങ്ങളും അക്ഷമരായത് അദ്ദേഹം ഏതുവേഷത്തിൽ പ്രത്യക്ഷപ്പെടും എന്ന് ആലോചിച്ചായിരുന്നു. അന്ന് വെളുത്ത മുണ്ടും വെളുത്ത ഷർട്ടും അണിഞ്ഞാണ് മമ്മൂട്ടി വേദിയിലെത്തിയത്. അതേസമയം പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന ഭ്രമയുഗം ഫെബ്രുവരി 15 മുതൽ തിയേറ്ററുകളില്‍ എത്തും. രാഹുൽ സദാശിവനാണ് ഈ വേറിട്ട ഹൊറർ സിനിയുടെ സംവിധായകൻ.