കരുണാപുരം പഞ്ചായത്തില്‍ വീണ്ടും അട്ടിമറി; കോണ്‍ഗ്രസ് അംഗത്തിന്‍റെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു - LDF came in power in Karunapuram
Published : Jan 25, 2024, 6:20 PM IST
ഇടുക്കി: എന്‍ഡിഎ പിന്തുണയോടെ യുഡിഎഫ് ഭരിച്ചിരുന്ന ഇടുക്കി കരുണാപുരം ഗ്രാമ പഞ്ചായത്തില്‍ വീണ്ടും അട്ടിമറി. കോണ്‍ഗ്രസ് അംഗത്തിന്‍റെ പിന്തുണയോടെ എൽഡിഎഫ് ഭരണം പിടിച്ചെടുത്തു. അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അംഗമായ 12-ാം വാര്‍ഡ് മെമ്പര്‍ ശോഭനാമ്മ ഗോപിനാഥ് എല്‍ഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ഭരണം വീണ്ടും എൽഡിഎഫിന് ലഭിച്ചത്. ശോഭനാമ്മ ഒഴികെയുള്ള യുഡിഎഫ് അംഗങ്ങളും എന്‍ഡിഎ അംഗവും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നു. കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിലെ ചേരിപോരാണ് അവിശ്വാസത്തിലേയ്ക്ക് നയിച്ചത്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് ശേഷം ഇത് മൂന്നാം തവണയാണ് കരുണാപുരത്ത് അവിശ്വാസം അരങ്ങേറുന്നത്. തുടക്കത്തില്‍ എന്‍ഡിഎ അംഗം ഒരു മുന്നണിയേയും പിന്തുണയ്ക്കാതിരുന്നതിനാല്‍ നറുക്കെടുപ്പിലൂടെ ഭരണം എല്‍ഡിഎഫില്‍ എത്തുകയായിരുന്നു. പിന്നീട് എന്‍ഡിഎ അംഗത്തിന്‍റെ പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ മിനി പ്രിന്‍സ് പ്രസിഡന്‍റായും, എന്‍ഡിഎ അംഗം ബിനു പിആര്‍ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുക്കപെട്ടു. വീണ്ടും എല്‍ഡിഎഫ് അവിശ്വാസം നല്‍കിയെങ്കിലും യുഡിഎഫ് അംഗങ്ങളും എന്‍ഡിഎ അംഗവും ചര്‍ച്ചയില്‍ നിന്നും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ ക്വാറം തികയാത്തതിനാല്‍ അന്ന് ചര്‍ച്ചയ്‌ക്കെടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇത്തവണ വീണ്ടും എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. പ്രമേയത്തിന് കോണ്‍ഗ്രസ് അംഗത്തിന്‍റെ പിന്തുണ ലഭിക്കുകയും എൽഡിഎഫ് ഭരണം പിടിച്ചെടുക്കുകയുമായിരുന്നു.