വ്യാജരേഖ ഉണ്ടാക്കി സ്വകാര്യ ഭൂമിയിലൂടെ വൈദ്യുതി ലൈൻ വലിച്ചു; കെഎസ്ഇബി കട്ടപ്പന ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്ഥലം മാറ്റം - കട്ടപ്പന എക്‌സിക്യൂട്ടീവ് എഞ്ചിനീയർ
Published : Feb 15, 2024, 9:37 PM IST
ഇടുക്കി: കെഎസ്ഇബി കട്ടപ്പന ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്ഥലം മാറ്റം. എറണാകുളത്തേക്ക് മാറ്റിയത് അച്ചടക്ക നടപടിയുടെ ഭാഗമായി. വൈദ്യുതി ബോർഡ് വിജിലൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജരേഖ ഉണ്ടാക്കി സ്വകാര്യ ഭൂമിയിലൂടെ വൈദ്യുതി ലൈൻ വലിച്ച കേസിൽ ഉൾപ്പെട്ട ഒട്ടേറെ ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന കെഎസ്ഇബി കട്ടപ്പന ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജയശ്രീ ദിവാകരനെയാണ് സ്ഥലം മാറ്റിയത്. കെഎസ്ഇബി ചെയർമാന്‍റെ നിർദേശത്തെ തുടർന്നാണ് സ്ഥലം മാറ്റം. എറണാകുളം പ്രൊജക്റ്റ് മാനേജ്മെന്‍റ് യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ചീഫ് എഞ്ചിനീയറുടെ നിർദേശം മറികടന്ന് ഡിവിഷനിലെ സീനിയർ അസിസ്‌റ്റന്‍റിനെതിരെ ഈ ഉദ്യോഗസ്ഥ അനാവശ്യ നടപടിയെടുത്തതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടാണ് ചെയർമാൻ ശരിവച്ച് അച്ചടക്ക നടപടിയെടുത്തത്. 2009 ൽ സ്വകാര്യ ഭൂമിയിലൂടെ അനുമതിയില്ലാതെ വൈദ്യുതി ലൈൻ വലിച്ചതിന് ഭൂഉടമ അന്നത്തെ അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന ജയശ്രീ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസ് നൽകിയിരുന്നു. ബദലായി കെഎസ്ഇബി ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയത് ഭൂഉടമയുടെ വ്യാജ ഒപ്പിട്ട അനുമതി പത്രമാണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ തെളിയുകയും ചെയ്‌തു. എന്നാൽ ഈ കേസിൽ കോടതി വിധി ഉണ്ടായിട്ടും പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ ബോർഡ് ഒരു നടപടിയുമെടുത്തിട്ടില്ല.