എന്‍ഡോസൾഫാൻ പട്ടികയിൽ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണം; അനിശ്ചിതകാല സമരവുമായി ദുരിത ബാധിതര്‍ - എന്‍ഡോസൾഫാൻ ദുരിത ബാധിതര്‍
Published : Feb 6, 2024, 11:00 PM IST
കാസർകോട്: സൗജന്യ മരുന്ന് വിതരണം പുനസ്ഥാപിക്കുക, എന്‍ഡോസൾഫാൻ പട്ടികയിൽ നിന്ന് അകാരണമായി പുറത്താക്കിയവരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല സമരം. എന്‍ഡോസൾഫാൻ ദുരിത ബാധിതരുടെ അനിശ്ചിതകാല സമരം തുടങ്ങി ഒരാഴ്ച്ച പിന്നിട്ടിട്ടും സർക്കാർ തിരിഞ്ഞു നോക്കിയിട്ടില്ല. ബജറ്റിൽ പ്രഖ്യാപിച്ച 17 കോടിയിൽ എന്‍ഡോസൾഫാൻ ദുരിത ബാധിതർക്ക് വലിയ പ്രതീക്ഷയില്ല. കഴിഞ്ഞ തവണയും 17 കോടി പ്രഖ്യാപിച്ചിരുന്നു, എന്നാൽ അത് എവിടെ ചെലവഴിച്ചെന്ന് സർക്കാർ പറയണമെന്ന് ദുരിത ബാധിതര്‍ ആവശ്യപ്പെടുന്നു. പരാതി പറയാൻ പോലും ഇടമില്ലെന്ന് ഇവർ പറയുന്നു. 2017 ഏപ്രിലിൽ ബദിയടുക്ക, ബോവിക്കാനം, പെരിയ, രാജപുരം, ചീമേനി പ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തി 1905 ദുരിത ബാധിതരെ കണ്ടെത്തിയിരുന്നു. പുനരധിവാസ സെല്ലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ 1905 ദുരിതബാധിതരുടെ അന്തിമ ലിസ്റ്റ് അവതരിപ്പിക്കാൻ തയാറായെങ്കിലും സർക്കാർ തടഞ്ഞു. പട്ടിക 287 ആയി ചുരുക്കി സെല്ലിൽ അവതരിപ്പിച്ചു. പ്രതിഷേധത്തെ തുടർന്ന് 76 പേരെ കൂട്ടിച്ചേർത്തു. 2019 ജനുവരി 30 മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പിൽ അമ്മമാർ നടത്തിയ അനിശ്ചിതകാല പട്ടിണി സമരത്തെ തുടർന്ന് 1905 പേരുടെ ലിസ്റ്റില്‍പ്പെട്ട 18 വയസിൽ താഴെയുള്ള കുട്ടികളെ പരിശോധനകളൊന്നും നടത്താതെ ഉള്‍പ്പെടുത്താനും, ബാക്കിയുള്ളവരുടെ മെഡിക്കൽ വിവരങ്ങൾ പരിശോധിച്ച് അർഹരെ ഉൾപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിൽ 18 വയസിൽ താഴെയുള്ള 511 കുട്ടികളെ കൂടി ലിസ്റ്റിൽ ഉള്‍പെടുത്തി. എന്നാൽ, ബാക്കി 1031 പേരുടെ കാര്യത്തിൽ നടപടികളുണ്ടായില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. അവഗണന തുടർന്നാൽ കടുത്ത സമര മാർഗങ്ങളിലേക്ക് കടക്കാനാണ് ദുരിത ബാധിതരുടെ തീരുമാനം.