കൊതിയേറും വിഭവമായ ഉള്ളിവട ഉണ്ടാക്കുന്ന വിധം കോഴിക്കോട് : നോമ്പുതുറ വിഭവങ്ങളിലെ എരിപൊരി ഐറ്റമാണ് ഉള്ളിവട. എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പലഹാരം എളുപ്പത്തിൽ രുചിയോടെ തയ്യാറാക്കുന്നതിന് ചില പൊടിക്കൈകളുണ്ട്.
ആവശ്യമായ ചേരുവകൾ:
- സവാള/ വലിയുള്ളി നീളത്തിലരിഞ്ഞത്
- ഇഞ്ചി കൊത്തിയരിഞ്ഞത്
- പച്ചമുളക് വട്ടത്തിലരിഞ്ഞത്
- മല്ലിയില
- പുതീന
- കറിവേപ്പില
- മഞ്ഞൾ പൊടി
- മുളകുപൊടി
- കടലപ്പൊടി
- അരിപ്പൊടി
- കായപ്പൊടി
- മൈദ
- ഉപ്പ്
- വെളിച്ചെണ്ണ
സവാള/വലിയുള്ളി, ഇഞ്ചി, പച്ചമുളക്, മല്ലിയില, പുതീന, കറിവേപ്പില, എന്നിവ അരിഞ്ഞതും ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയും ഒരു പാത്രത്തിൽ ചേർത്ത് കൈ കൊണ്ട് നന്നായി കൂട്ടിയോജിപ്പിക്കണം. ഈ കൂട്ട് പത്ത് മിനിറ്റ് അടച്ച് വയ്ക്കണം. അതിലേക്ക് ആവശ്യത്തിന് കടലപ്പൊടി, അരിപ്പൊടി, മൈദ, അരിപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് കുഴച്ചെടുക്കുക. പത്ത് മിനിറ്റ് അടച്ച് വെക്കുക. അത്ര സമയം മാത്രമേ അടച്ച് വെയ്ക്കാവൂ എന്നതാണ് ഒരു പൊടിക്കൈ. കൂടുതൽ സമയം അടച്ച് വെച്ചാൽ ഉള്ളിയും ഉപ്പും ചേരുമ്പോൾ ഉണ്ടാകുന്ന വെളളത്തിൽ ഈ കൂട്ടിന്‍റെ രുചി നഷ്‌ടമാക്കും.
കൂട്ടിവെച്ച മാവ് കൈയിലെടുത്ത് കുറേശ്ശേ ഉരുട്ടി വിരലുകൊണ്ടു പതുക്കെ അമർത്തി കൊടുത്തശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കാം. വേവിക്കുമ്പോൾ ശ്രദ്ധിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കൂട്ട് എണ്ണയിലേക്ക് ഇട്ടുകഴിഞ്ഞാൽ വിറകടുപ്പാണെങ്കിൽ തീ കുറച്ച് കനലിൽ വേവിക്കണം. ഗ്യാസ് അടുപ്പാണെങ്കിൽ ഫ്ലെയിം കുറക്കണം. സവാള വേവാൻ സമയം കൂടുതലെടുക്കും. അതേ സമയം മറ്റ് ചേരുവകൾ വേഗം വേവുകയും ചെയ്യും. അതായത് തീ കൂട്ടിയാൽ ചേരുവയിലുള്ള പൊടികളൊക്കെ വേഗം വെന്ത് കരിഞ്ഞ് പോകും. സവാള വേവുകയുമില്ല. രണ്ടുവശവും ഒരുപോലെ മൊരിയുന്നതിനായി ഇടയ്ക്കിടയ്ക്കു തിരിച്ചും മറിച്ചും ഇട്ടുകൊടുത്ത് ഇടത്തരം തീയിൽ വറുത്തു കോരി എണ്ണ വാർക്കാനിട്ടാൽ ഉള്ളിവട റെഡി. തലേ ദിവസം ബാക്കി വരുന്ന സാമ്പാറും രസവുമൊക്കെ ഉള്ളിവടയിൽ ഉപയോഗിക്കാറുണ്ട് എന്നൊരു കേട്ടുകേൾവിയുണ്ട്. എന്നാൽ മേൽ പറഞ്ഞ രീതിയിൽ തയ്യാറാക്കിയാൽ മാത്രമേ രുചികരമായ യഥാർത്ഥ ഉള്ളിവട കഴിക്കാൻ കഴിയൂ.
Also Read:'കൊതിയൂറും ഉന്നക്കായ' ഇല്ലാതെ എന്ത് നോമ്പുതുറ; പേരിനൊരു കഥയുണ്ട്... ഉണ്ടാക്കേണ്ടത് ഇങ്ങനെ