കേരളം

kerala

ETV Bharat / travel-and-food

മഞ്ഞുരുകുമ്പോള്‍ പൊങ്ങിവരുന്ന അസ്ഥികള്‍, നിഗൂഢത ഒളിപ്പിച്ച രൂപ്‌കുണ്ഡ് തടാകം; സാഹസികതയ്‌ക്ക് പറ്റിയ ഇടം

അസ്ഥികൂടങ്ങളുടെ തടാകം എന്ന് വിളിക്കുന്ന രൂപ്‌കുണ്ഡ്. പറഞ്ഞുപരന്ന കഥകള്‍ ഏറെ. രാജ്യത്തെ മികച്ച ട്രക്കിങ് സ്‌പോട്ടുകളില്‍ ഒന്നുകൂടിയാണ് ഇത്.

MYSTERIOUS PLACES IN INDIA  ROOPKUND LAKE MYSTERY  HOUNDED PLACES IN INDIA  TRUCKING SPOTS IN HIMALAYA
Roop Kund lake (Etv Bharat)

By ETV Bharat Kerala Team

Published : 18 hours ago

'കൊട്ടാരത്തിലെ നിലവറയില്‍ സൂക്ഷിച്ചിരിക്കുന്ന നിധി കാണണമെന്ന് ആ ചെറുപ്പക്കാരന്‍ അപ്പോള്‍ തന്നെ മനസില്‍ ഉറപ്പിച്ചു. തന്‍റെ ആഗ്രഹം സാധിക്കാനായി അയാള്‍ തക്കം നോക്കിയിരുന്നു. രാത്രിയില്‍ എല്ലാവരും ഉറങ്ങി എന്ന് ഉറപ്പായപ്പോള്‍ പട്ടണത്തില്‍ നിന്നുമെത്തിയ പരിഷ്‌കാരിയായ യുവാവ് പതിയെ നിലവറ ലക്ഷ്യമാക്കി നടന്നു.

നേരത്തെ കൈക്കലാക്കിയ താക്കോല്‍ പുറത്തെടുത്ത് അവന്‍ നിലവറയുടെ വാതില്‍ തുറന്നു. കണ്ണിലേക്ക് ഇരച്ചുകയറിയ മഞ്ഞവെളിച്ചത്തില്‍ അവന്‍ ഉഗ്രരൂപിയായ ഒരുനാഗത്തെ കണ്ടു. നിലവറ കാക്കുന്ന ആ നാഗത്താന്‍റെ ദ്രംഷ്‌ട ആ ചെറുപ്പക്കാരന്‍റെ ശരീരത്തിലേക്ക് ആഴ്‌ന്നിറങ്ങി. പുലര്‍ന്നപ്പോള്‍ അടഞ്ഞുകിടക്കുന്ന നിലവറയ്‌ക്ക് മുന്നില്‍ ജീവനറ്റ അവന്‍റെ ശരീരമാണ് എല്ലാവരും കണ്ടത്.'

രൂപ്‌കുണ്ഡ് തടാകം (Getty Image)

ഇത്തരം കഥകള്‍ കേട്ട് പേടിച്ചവരും ഉറക്കം നഷ്‌ടപ്പെട്ടവരും ആണ് നമ്മളില്‍ പലരും. ഒന്നു തിരിഞ്ഞുനോക്കിയാല്‍ കുട്ടിക്കാലത്തെ ഓര്‍മകളില്‍ എവിടെയെങ്കിലും ഇത്തരം മുത്തശ്ശിക്കഥകള്‍ ഉണ്ടാകും. നിഗൂഢവും ഭാവാത്‌മകവുമായ ഇത്തരം കഥകള്‍ ഇഷ്‌ടപ്പെടുന്നവരും ഏറെയാണ്.

നിഗൂഢതകളോട് മനുഷ്യര്‍ക്ക് പൊതുവേ 'കൗതുകം ലേശം കൂടുതലാ...'. നിഗൂഢമായ കഥകള്‍ നിലനില്‍ക്കുന്ന ഇടങ്ങള്‍ സന്ദര്‍ശിച്ച് 'ധൈര്യം' തെളിയിക്കാന്‍ താത്‌പര്യപ്പെടുന്ന അഡ്‌വെഞ്ചര്‍ ട്രിപ്പ് വൈബ് ഉള്ളവരും നമുക്കിടയിലുണ്ട്. അത്തരക്കാര്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ ഒരുപാട് സ്ഥലങ്ങളാണ് നമ്മുടെ ഇന്ത്യയില്‍ ഉള്ളത്. അതില്‍ ഒന്നാണ് രൂപ്‌കുണ്ഡ് തടാകം, അഥവ അസ്ഥികൂടങ്ങളുടെ തടാകം.

രൂപ്‌കുണ്ഡ് തടാകം (Facebook)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഗഡ്വാള്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഹിമ തടാകം. ഹിമാലയത്തില്‍ ത്രിശൂല്‍, നന്ദാദേവി എന്നീ കൊടുമുടികളുടെ മടിത്തട്ടില്‍ തണുത്തുറഞ്ഞു കിടക്കുന്ന ഈ തടാകം സമുദ്രനിരപ്പില്‍ നിന്ന് 16500 അടി ഉയരത്തിലാണ്.

ചിതറിക്കിടക്കുന്ന മനുഷ്യ അസ്ഥികള്‍ തടാകത്തില്‍ നിന്ന് കണ്ടെത്തിയതോടെയാണ് രൂപ്‌കുണ്ഡിനെ കുറിച്ചുള്ള കഥകള്‍ പരക്കാന്‍ തുടങ്ങിയത്. പറഞ്ഞുപരന്ന കഥകളില്‍ അസ്ഥികൂടങ്ങള്‍ക്ക് പുറമെ പല്ലും ചെരിപ്പുമൊക്കെ തടാകത്തില്‍ കണ്ടെത്തി. ശൈത്യകാലത്ത് ഉറഞ്ഞുപോകുന്ന രൂപ്‌കുണ്ഡ് പതിയെ രാജ്യത്തെ നിഗൂഢമായ ഇടങ്ങളില്‍ ഒന്നായി.

രൂപ്‌കുണ്ഡ് തടാകത്തില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം (Facebook)

1942ലെ വേനലിലാണ് തടാകത്തില്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. ചൂടില്‍ മഞ്ഞുരുകിയതോടെ അസ്ഥികള്‍ ദൃശ്യമാകുകയായിരുന്നു. ബ്രിട്ടീഷ് ഫോറസ്റ്റ് ഗാര്‍ഡ് ആണ് രൂപ്‌കുണ്ഡിലെ അസ്ഥികള്‍ ആദ്യം കണ്ടത്.

രൂപ്‌കുണ്ഡിനെ പറ്റിയുള്ള കഥകളില്‍ ചിലത്

1841ല്‍ ടിബറ്റിലുണ്ടായ യുദ്ധത്തിന് ശേഷം മടങ്ങിവരികയായിരുന്നു കശ്‌മീരി പട്ടാളക്കാര്‍. യാത്രക്കിടെ അവര്‍ക്ക് വഴിതെറ്റുന്നു. വന്നുപെട്ടതാകട്ടെ രൂപ്‌കുണ്ഡ് തടാകത്തിന്‍റെ കരയിലും. ഇവിടെ വച്ച് ഇവര്‍ അപകടത്തില്‍ പെട്ടുവെന്നാണ് ഒരു കഥ.

രൂപ്‌കുണ്ഡ് തടാകത്തില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം (Facebook)

കന്യാകുബ്‌ജ എന്ന നഗരത്തില്‍ നിന്നും ഹിമാലയ തീര്‍ഥാടനത്തിനെത്തിയതായിരുന്നു അവിടുത്തെ രാജാവും സംഘവും. യാത്രക്കിടെ നന്ദാദേവി പര്‍വതത്തിലെത്തിയ അവര്‍ അവിടെ അശുദ്ധമാക്കി. ഇതില്‍ പ്രകോപിതയായ നന്ദാദേവി ആലിപ്പഴം വര്‍ഷിച്ച് രാജാവിനെയും സംഘത്തെയും കൊന്നൊടുക്കുകയായിരുന്നു. അവരുടെ അസ്ഥികളാണ് തടാകത്തില്‍ എന്നാണ് മറ്റൊരു വിശ്വാസം.

രൂപ്‌കുണ്ഡ് തടാകം (Facebook)

നിഗമനങ്ങള്‍ ഇങ്ങനെ...

യുദ്ധത്തില്‍ കൊല്ലപ്പെട്ട ജാപ്പനീസ് പട്ടാളക്കാരുടെ അവശിഷ്‌ടങ്ങളാണ് തടാകത്തിലേതെന്നായിരുന്നു ആദ്യം വിശ്വസിച്ചിരുന്നത്. 1960ല്‍ അസ്ഥികള്‍ പഠനത്തിന് വിധേയമാക്കിയപ്പോള്‍ അവ സിഇ 12, 15 നൂറ്റാണ്ടുകള്‍ക്കിടയിലാകാമെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയിരുന്നു.

രൂപ്‌കുണ്ഡ് തടാകം (Facebook)

എന്നാല്‍ 2004ല്‍, അസ്ഥികള്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ വീണ്ടും പഠനവിധേയമാക്കി. അസ്ഥികള്‍ എഡി 850 മുതല്‍ ഉള്ളതാണെന്ന് കണ്ടെത്തി. അതോടെ ആദ്യമുണ്ടായിരുന്ന വിശ്വാസം അസ്‌തമിക്കുകയായിരുന്നു. ഡിഎന്‍എ പരിശോധനയില്‍ തദ്ദേശീയരായവരുടെയും കൊങ്കണീ ബ്രാഹ്മണരുടെയും മറ്റ് വ്യത്യസ്‌ത നാട്ടില്‍ നിന്നുള്ളവരുടെയും അസ്ഥികള്‍ ഇവയില്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. തലയോട്ടിയില്‍ കനത്ത ക്ഷതമേറ്റ നിലയിലായിരുന്നു. അതിശക്തമായ ആലിപ്പഴ വീഴ്‌ചയില്‍ ജീവന്‍ നഷ്‌ടപ്പെട്ടവരുടെ അവശിഷ്‌ടങ്ങള്‍ ആകാമെന്നും കരുതപ്പെടുന്നു.

രൂപ്‌കുണ്ഡ് തടാകം (Facebook)

2004ന് ശേഷം ഇത് വിശദീകരിക്കാന്‍ നിരവധി സിദ്ധാന്തങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും ആളുകള്‍ ഇപ്പോഴും രൂപ്‌കുണ്ഡിനെ നോക്കി കാണുന്നത് മറ്റൊരു കണ്ണിലാണ്. വേനലില്‍ ഐസ്‌ ഉരുകാന്‍ തുടങ്ങുന്നതോടെ പുറത്തേക്ക് ദൃശ്യമാകുന്ന അസ്ഥികൂടവും അതും പേറി ഉറയുന്ന രൂപ്‌കുണ്ഡും ഇന്നും പലര്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

രൂപ്‌കുണ്ഡ് തടാകം (Fcebook)

സാഹസികരേ, ഇതിലേ...

ട്രക്കിങ്ങില്‍ താത്‌പര്യമുള്ള സഞ്ചാരികള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്ന ഇടങ്ങളില്‍ ഒന്നാണ് രൂപ്‌കുണ്ഡ്. പരിചയ സമ്പന്നരായ സാഹസികര്‍ക്ക് ട്രക്ക് ചെയ്യാന്‍ കഴിയുന്ന, ഉയര്‍ന്ന ഉയരത്തിലുള്ള 10 ട്രക്കിങ് സ്‌പോട്ടുകളില്‍ ഒന്നാണ് രൂപ്‌കുണ്ഡ്. 7000 മീറ്റര്‍ ഉയരത്തിലെ ദൃശ്യാനുഭവം സമ്മാനിക്കുന്ന മാന്ത്രികതയുണ്ട് രൂപ്‌കുണ്ഡിന്.

Also Read: കേരളത്തില്‍ ഇതിലും മികച്ച ഹണിമൂണ്‍ സ്‌പോട്ടുകള്‍ വേറെയില്ല; ഡെസ്റ്റിനേഷന്‍ തെരഞ്ഞ് ഇനി അലയേണ്ട

ABOUT THE AUTHOR

...view details