ഇടുക്കി:മധ്യവേനല്‍ അവധി ആഘോഷിക്കാന്‍ ഇടുക്കിയിലേക്ക് എത്തുന്നവരുടെ പ്രിയ താവളമായി മാറുകയാണ് മൂന്നാർ ഗ്യാപ് റോഡ്. വേനല്‍ മഴ ലഭിച്ചതോടെ, മഞ്ഞ് പുതച്ച് മൂന്നാര്‍ ഗ്യാപ് റോഡ് കൂടുതല്‍ സുന്ദരിയായി. മലനിരകളെ തഴുകി ഇറങ്ങുന്ന മഞ്ഞും നനുത്ത കാലാവസ്ഥയും സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് അവിസ്‌മരണീയമായ അനുഭവമാണ്.
മൂന്നാറിന്‍റെ തേയില ചെരുവുകളെ ആസ്വദിച്ച് ആനയിറങ്കല്‍ വഴിയുള്ള യാത്രയില്‍ ഗ്യാപ് റോഡില്‍ ഒന്ന് വാഹനം നിര്‍ത്താതെ സഞ്ചാരികള്‍ കടന്ന് പോകാറില്ല. വളഞ്ഞുപുളഞ്ഞ് കണ്ണാടി പോലെയുള്ള മനോഹരമായ റോഡ്. കാഴ്‌ചകൾക്ക് ഒരു ഗ്യാപ്പും കൊടുക്കാതെയുള്ള പ്രകൃതി ഭംഗി. സഹ്യ പര്‍വ്വത നിരയുടെ അതിവിശാല കാഴ്‌ചകളും താഴ്‌വാരത്തെ പാട ശേഖരങ്ങളുമെല്ലാം ഇവിടെ നിന്ന് ആസ്വദിക്കാനാവും. കടുത്ത വേനലിന് അറുതി നല്‍കി, മഴയും എത്തിയതോടെ മഞ്ഞിന്‍റെ സാന്നിധ്യവും സ്ഥിരമായി.
മാട്ടുപ്പെട്ടിയും ഹിൽ സ്റ്റേഷനും ഇക്കോപോയിന്‍റും മറയൂരും കാന്തല്ലൂരും വട്ടവടയും വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളുമെല്ലാം മനസിൽ കണ്ടാണ് സഞ്ചാരികൾ മൂന്നാർ ട്രിപ്പ് പ്ലാൻ ചെയ്യുക. ഇക്കൂട്ടത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഇടമായി മൂന്നാർ ഗ്യാപ് റോഡും മാറുകയാണ്. വേനലിന്‍റെ പൊള്ളുന്ന ചൂടിൽ സഞ്ചാരികൾക്ക് നിരാശയാണ് മൂന്നാർ സമ്മാനിച്ചത്. എന്നാൽ വേനൽ മഴ പെയ്‌ത് കോടമഞ്ഞിറങ്ങിയതോടെ സഞ്ചാരികൾ ഗ്യാപ് റോഡിലേക്ക് ഒഴുകുകയാണ്.