കേരളം

kerala

ETV Bharat / travel-and-food

ഉച്ചയൂണിന് പകരം ഉച്ചക്കഞ്ഞി വിളമ്പി മട്ടന്നൂര്‍ കഫേ ; ആവിപറക്കും കഞ്ഞിക്കായി ആവശ്യക്കാരേറെ - MATTANNUR CAFE KANNUR NEWS - MATTANNUR CAFE KANNUR NEWS

കഞ്ഞിപ്രിയരുടെ ഇഷ്‌ട താവളമായി മട്ടന്നൂര്‍ കഫേ. കഞ്ഞിക്കൊപ്പം പയര്‍, വന്‍പയര്‍, കടല, കായക്കറി എന്നിവയും. മട്ടന്നൂര്‍ കഫേയില്‍ സ്ഥിരമായി കഞ്ഞി കുടിക്കാനെത്തുന്നവർ ഏറെ.

കഞ്ഞി ഗുണങ്ങള്‍  MATTANNUR CAFE FAMOUS FOR PORRIDGE  കണ്ണൂര്‍ വാര്‍ത്ത  food places in kannur
MATTANNUR CAFE (ETV Bharat)

By ETV Bharat Kerala Team

Published : Jun 10, 2024, 4:07 PM IST

ഉച്ചയൂണിന് പകരം ഉച്ചക്കഞ്ഞിയുമായി മട്ടന്നൂര്‍ കേഫ് (ETV Bharat)

കണ്ണൂര്‍ :ആഹാരം ഔഷധമായിരിക്കണമെന്ന് നിര്‍ബന്ധമുള്ള ഒരു ഭൂതകാലം നമുക്ക് ഉണ്ടായിരുന്നു. മലയാളിയുടെ അത്തരത്തിലുള്ള ഏറ്റവും ലളിതമായ ഭക്ഷണമായിരുന്നു കഞ്ഞി. പരമ്പരാഗത ഭക്ഷണമായ കഞ്ഞിയെ നാം അവഗണിച്ചിട്ട് കാലമേറെയായി. സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവരെ കഞ്ഞി എന്ന വിളിപ്പേര് നല്‍കുന്നതു പോലും കഞ്ഞിയോടുള്ള സമീപനത്തെ സൂചിപ്പിക്കുന്നു.

വലിയ ചെലവൊന്നും കൂടാതെ മികച്ച പോഷകം ലഭ്യമാക്കുന്ന ഭക്ഷണമാണ് കഞ്ഞി. അരിയുടേയും തവിടിന്‍റേയും പ്രധാന പോഷകാംശങ്ങള്‍ കഞ്ഞിയില്‍ അടങ്ങിയിട്ടുണ്ട്. കുത്തരി കഞ്ഞിയിലെ അരി ശരീരത്തിന് വേണ്ടുന്ന കാര്‍ബോ ഹൈഡ്രേറ്റ്‌സും, വെള്ളത്തിലെ തവിടിന്‍റെ അംശം വിറ്റാമിന്‍ ബിയും നല്‍കുന്നു.

എന്നാല്‍ ഇക്കാലത്തും ഉച്ചയൂണിന് പകരം കഞ്ഞി കുടിച്ച് തൃപ്‌തിയാകുന്നവര്‍ ഒട്ടേറെയുണ്ട്. കണ്ണൂര്‍ മട്ടന്നൂരിലെ മട്ടന്നൂര്‍ കഫേ എന്ന സഹകരണ ഹോട്ടല്‍ കഞ്ഞി പ്രിയക്കാരുടെ ഇഷ്‌ട താവളമാണ്. പൊതുമരാമത്ത് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിനോട് ചേര്‍ന്ന് ബസ് സ്‌റ്റാന്‍ഡിന് അഭിമുഖമായാണ് മട്ടന്നൂര്‍ കഫേ നില കൊള്ളുന്നത്.

പടികള്‍ കയറി ചെന്നാല്‍ വിശാലമായ സൗകര്യമുണ്ട് ഈ ഹോട്ടലില്‍. വൃത്താകൃതിയില്‍ ഒരു ഡസനോളം മേശകളൊരുക്കി കഞ്ഞി പ്രിയക്കാരെ ഹോട്ടല്‍ അധികൃതര്‍ സ്വാഗതം ചെയ്യുന്നു. വേനല്‍ക്കാലത്ത് ഇളം ചൂടിലും മഴക്കാലത്ത് ആവിപറക്കും വിധവും കുത്തരി കഞ്ഞി ഇവിടെ ലഭിക്കും. കഞ്ഞിക്കൊപ്പം പയര്‍, വന്‍പയര്‍, കടല, കായക്കറി, എന്നിവ വേറെയും. ഒപ്പം കടിച്ചു കൂട്ടാന്‍ ഉണക്കമീന്‍ വറുത്തതും തൊട്ടു കൂട്ടാന്‍ ചമ്മന്തിയും. ആവശ്യക്കാര്‍ക്ക് സ്‌പെഷ്യലായി കപ്പയും ബീഫും ചിക്കനുമൊക്കെ ഇവിടെ ലഭിക്കും.

സ്ഥിരമായി കഞ്ഞി കുടിക്കാനെത്തുന്നവര്‍ ഇവിടെ ഏറി വരികയാണ്. സമീപത്തെ കച്ചവടക്കാരും ബസ് സ്‌റ്റാന്‍ഡിലെത്തുന്ന ഡ്രൈവര്‍മാരും ഓട്ടോ - ടാക്‌സി ഡ്രൈവര്‍മാരുമൊക്കെ കഞ്ഞി ഒരു ശീലമാക്കി മാറ്റിയിട്ടുണ്ട്. ഉച്ച ഊണിന് പകരം ഉച്ചക്കഞ്ഞി എന്ന പഴയ ശീലം ഇവിടെ സ്ഥാനം പിടിക്കുകയാണ്.

ദഹനം വേഗത്തില്‍ നടക്കുമെന്ന സവിശേഷതയും കഞ്ഞിക്കുണ്ട്. ദേവന്‍മാര്‍ക്ക് അമൃതും മനുഷ്യര്‍ക്ക് കഞ്ഞിയുമാണ് അനുവദിച്ചിട്ടുള്ളത് എന്ന് പഴമക്കാരും പറയുന്നു. ഒരു നേരം കഞ്ഞിയായിരുന്നു മുമ്പൊക്കെ മലയാളിയുടെ ഭക്ഷണ ശീലം. കണ്ണൂര്‍ ഇന്‍റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലാബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയാണ് മട്ടന്നൂര്‍ കഫേയുടെ ഉടമസ്ഥര്‍. സംഘം പ്രസിഡന്‍റ് സൂരജാണ് സ്ഥാപനത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്നത്.

ALSO READ :നാവില്‍ കൊതിയൂറുന്ന തനിനാടന്‍ രുചി; വൃന്ദ ഹോട്ടലിലെ ഊണ് വേറെ ലെവൽ, ബിരിയാണി വരെ മാറിനില്‍ക്കും

ABOUT THE AUTHOR

...view details