കണ്ണൂര്‍: മലബാറിലെ നാടന്‍ ഹോട്ടലുകളില്‍ നിന്ന് മീന്‍ കറിയും ഊണും കഴിച്ചിട്ടുണ്ടോ? ഇവിടുത്തെ ഉച്ചയൂണിന് ഒരു പ്രത്യേക രുചിയാണ്. സഞ്ചാരികള്‍ ഏറെ എത്തുന്ന വയനാട് ജില്ലയിലെ കല്‍പ്പറ്റയിലുമുണ്ട് ഇത്തരത്തില്‍ പ്രശസ്‌തമായൊരു ഹോട്ടല്‍. വ്യത്യസ്‌ത രൂചിക്കൂട്ടുകളുടെ പറുദീസയായ കല്‍പ്പറ്റ നോര്‍ത്തിലെ ലഞ്ച് ഹോമാണത്. വടകര സ്വദേശിയായ എംപി വിനോദും കുടുംബവും നടത്തുന്ന ഹോട്ടലാണിത്.
പേര് പോലെ തന്നെ ഇവിടെ ഉച്ചയൂണ്‍ മാത്രമെ ലഭിക്കൂ. തേങ്ങ പരുവത്തില്‍ അരച്ച മീന്‍ കറിയാണ് ലഞ്ച് ഹോമിലേക്ക് ഭക്ഷണ പ്രേമികളെ ആകര്‍ഷിക്കാന്‍ കാരണം. ഊണിനൊപ്പം പ്രത്യേക രീതിയില്‍ തയ്യാറാക്കിയ ചിക്കന്‍, ബീഫ്, ഫിഷ് ഫ്രൈകളുമുണ്ടാകും. അന്നാന്ന് ലഭിക്കുന്ന പിടയ്‌ക്കുന്ന മീനാണ് ഇവിടെ മസാല പുരട്ടി വറുത്തെടുക്കുന്നത്.
തദ്ദേശീയരുടെ ആധിപത്യമാണ് ഈ ഹോട്ടല്‍. സഞ്ചാരികളില്‍ ഭൂരിഭാഗവും പാഴ്‌സലാണ് ഭക്ഷണം കൊണ്ടുപോകുന്നത്. കല്യാണ വീടുകളിലെത്തുന്ന അതിഥികളെ സ്വീകരിക്കും പോലെയാണ് ഹോട്ടല്‍ ഉടമ വിനോദ് ഓരോരുത്തരേയും അകത്തേക്ക് ക്ഷണിക്കുക. ഇല വയ്‌ക്കുന്നത് പോലും പ്രത്യേക സ്‌റ്റൈലിലാണ്. തുടര്‍ന്ന് ചോറ്റുപാത്രവും മീന്‍ കറിയും സാമ്പാറും പച്ചടിയുമൊക്കെ മേശയില്‍ നിരത്തും.
ഹോട്ടലില്‍ എത്തുന്നവര്‍ക്ക് വയറുനിറയെ ഭക്ഷണം കഴിക്കാം. എന്നാല്‍ ഭക്ഷണം ഒട്ടും പാഴാക്കരുതെന്നും വിനോദിന് നിര്‍ബന്ധമാണ്. കറികള്‍ക്കൊന്നും ഇടക്കിടെ ആവശ്യപ്പെടേണ്ടതില്ല. എല്ലാം യഥാസമയം പാത്രത്തില്‍ നിറച്ചു നല്‍കും. വിനോദിന്‍റെ ഭാര്യ ശകുന്തള, സഹോദരിമാരായ സുനിത, അജിത, സനിത, വിമല, പ്രമീള എന്നിവരാണ് അടുക്കള ഭരണം.
മീന്‍ വറുത്തതിലും ചിക്കന്‍, ബീഫ് എന്നിവ തയ്യാറാക്കുന്നതിലും നാടന്‍ ചേരുവയുടെ രുചി ഉയര്‍ന്നു നില്‍ക്കും. അതു തന്നെയാണ് കല്‍പ്പറ്റയിലെ ഈ ഹോട്ടലിനെ വേറിട്ട് നിര്‍ത്തുന്നത്. മീന്‍ കറി, സാമ്പാര്‍, പച്ചടി, അച്ചാര്‍, പപ്പടം ഉള്‍പ്പെടെയുള്ള സാധാരണ ഊണിന് 60 രൂപ മാത്രമാണ് ഈടാക്കുന്നത്. 70 മുതല്‍ 80 രൂപ കൊടുത്താല്‍ മീന്‍ വറുത്തതും ലഭിക്കും.