യാത്രകള്‍ എന്നും ഹരമാണ് മലയാളികള്‍ക്ക്. മലയും കുന്നും പുല്‍മേടുകളുമെല്ലാം താണ്ടിയുള്ള യാത്ര. അത് മനസിന് ഏറെ കുളിരും സന്തോഷവും പകരും. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ലോറികളിലും ട്രാക്‌റ്ററുകളിലുമെല്ലാം ലിഫ്‌റ്റ് അടിച്ച് യാത്രകള്‍ ചെയ്‌ത് ആഗ്രഹിച്ച ഇടങ്ങളെല്ലാം എക്‌സ്‌പ്ലോര്‍ ചെയ്യുന്നവരാണ് പലരും. പ്രത്യേകിച്ചും ന്യൂജനറേഷന്‍ പിള്ളേര്. ബൈക്കുകളില്‍ ലോകം ചുറ്റുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. സോളോ ട്രിപ്പ് അടിച്ച് വൈബാക്കുന്നവരും കുറവല്ല.
യാത്രകള്‍ ചെയ്യാന്‍ കൈ നിറയെ പണം വേണമെന്നാണ് പലരുടെയും വിചാരം. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണയാണ്. ചെറിയ ചെലവില്‍ യാത്രകള്‍ ചെയ്യാന്‍ ഓട്ടേറെ സ്ഥലങ്ങളും സാഹചര്യങ്ങളും നമ്മുടെ ഈ കൊച്ചു കേരളത്തില്‍ നിരവധിയുണ്ട്. ഇത്തരത്തില്‍ പോക്കറ്റ് കീറാതെ ചെറിയ ചെലവില്‍ ട്രിപ്പ് അടിക്കാനുള്ള അവസരം ഒരുക്കുകയാണ് കെഎസ്‌ആര്‍ടിസി. വിവിധയിടങ്ങളില്‍ നിന്നും കെഎസ്‌ആര്‍ടിസിയുടെ ഇത്തരം പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി മലപ്പുറം ഡിപ്പോയില്‍ നിന്നും പല ദിവസങ്ങളിലായി വിവിധ ഇടങ്ങളില്‍ സന്ദര്‍ശിക്കാം അവസരമൊരുങ്ങുകയാണ്.
വളരെ സന്തോഷത്തോടെ 2024 നോട് വിടചൊല്ലാനായി ഡിസംബറിലാണ് വിവിധയിടങ്ങളിലേക്ക് കെഎസ്‌ആര്‍ടിസി ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. യാത്ര ചെലവ് വളരെ തുച്ഛമാണെന്നതാണ് ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേക. കുടുംബവുമൊത്ത് നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കും. വണ്‍ ഡേ ട്രിപ്പ് മാത്രമല്ല ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ സ്റ്റേ ചെയ്‌ത് രണ്ട് ദിവസത്തെ ട്രിപ്പായും യാത്ര ചെയ്യാം.