കണ്ണൂര്‍: സബര്‍മതി ഇന്നോവേഷന്‍ ആന്‍റ് റിസേര്‍ച്ച് ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ഫ്‌ളേവേഴ്‌സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവെല്‍ 2024 ഇന്നു മുതല്‍ 4-ാം തീയതി വരെ മാഹി മൈതാനിയില്‍ നടക്കും. മാഹിയുടെ ഒരു വാണിജ്യോത്സം കൂടിയാണ് ഫ്‌ളവേഴ്‌സ് ഫിയസ്റ്റ. ഭക്ഷണവുമായി ബന്ധപ്പെട്ടും അല്ലാതേയുമാണ് ഒരുക്കിയിട്ടുള്ളത്.
പ്രമുഖ ഭക്ഷ്യോത്പ്പാദന കമ്പനികള്‍ ഹോം ബേക്കേഴ്‌സ്, ഐസ്‌ക്രീം, വിവിധ പാനീയങ്ങള്‍, പായസങ്ങള്‍, പ്രമുഖ കാര്‍ നിര്‍മ്മാതാക്കളുടെ ഔട്ട് ലെറ്റുകള്‍ നഴ്‌സറികള്‍ എന്നിങ്ങനെ വിവിധ മേഖലയിലെ സ്റ്റാളുകള്‍ സജ്ജീകരിക്കുന്നുണ്ട്. പൊതു ജനങ്ങള്‍ക്കായി പാചക മത്സരങ്ങള്‍, സിനിമാറ്റിക് ഡാന്‍സ്, ഫാഷന്‍ ഷോ, മൈലാഞ്ചി ഇടല്‍, എന്നീ മത്സരങ്ങള്‍, ഫ്യൂഷന്‍ നൈറ്റ്, കോല്‍ക്കളി, നാടന്‍ പാട്ട് മേള, തിരുവാതിരക്കളി, എന്നിവയും മേളയുടെ ഭാഗമായി നടക്കും.
ഒരു ഭക്ഷ്യമേളക്കപ്പുറം മാഹിയെ ഉണര്‍ത്തുന്ന ഒരു വാണിജ്യ മേള കൂടിയാണിത്. ഫ്‌ളവേഴ്‌സ് ഫിയസ്റ്റ എന്ന ഫുഡ് ഫെസ്റ്റിവലിന്‍റെ ലക്ഷ്യം തനത് രുചികളെ പരിചയപ്പെടുത്തുക എന്നതിന് പുറമേ സമ്പര്‍മതിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക സംഭരിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. അപകടം മൂലമോ ഗുരുതരമായ രോഗം മൂലമോ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് കൃത്രിമ അവയവം നല്‍കാനുളള സഹായം നല്‍കി അവരെ സമൂഹത്തിന്‍റെ മുഖ്യ ധാരയില്‍ എത്തിക്കുക എന്നതാണ് സബര്‍മതിയുടെ ലക്ഷ്യം.
കൃത്രിമ അവയവങ്ങള്‍ വെച്ചു പിടിപ്പിക്കുക എന്നത് ചിലവേറിയ ചികിത്സാ രീതിയാണ്. അങ്ങിനെയുള്ളവരെ കണ്ടു പിടിച്ച് അവര്‍ക്ക് താങ്ങാവുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നതാണ് ഈ മേളകൊണ്ട് ലക്ഷ്യമാക്കുന്നത്. പി സി ദിവാനന്ദന്‍, സജിത് നാരായണന്‍, രാജേഷ് വി ശിവദാസ്, മുഹമ്മദ് സര്‍ഫാസ്, കെ വിവേക് എന്നിവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.