കണ്ണൂര്‍:തേങ്ങയരച്ച് വച്ച മീന്‍കറിയും ആറിനം മീന്‍ വറുത്തതും. ഉച്ചയൂണിന് വേറെന്ത് വേണം? അത്തരത്തിലൊരു സ്‌പോട്ടുണ്ട് അങ്ങ് മേനപ്രയില്‍. രുചിയൂറും ഉച്ചയൂണിന്‍റെ കേന്ദ്രം. മേനപ്രത്തുള്ള മേനപ്രം ഹോട്ടല്‍.
പേര് കേട്ട് അതിശയിക്കേണ്ട. ആരും ഒരിക്കലും മറന്ന് പോകാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങിനെയൊരു പേരിട്ടത്. പള്ളൂര്‍ സ്വദേശിയായ ബിന്ദുവും സഹോദരനും നടത്തുന്ന ഹോട്ടലാണിത്. ഉച്ചയ്‌ക്ക് 12 മണിയോടെ ഊണ്‍ റെഡിയാകും. പിന്നെയങ്ങോട്ട് തിരക്കോട് തിരക്കാകും.
നല്ല ചൂടുള്ള ചോറും മീന്‍ കറികളും. അതോടൊപ്പം നല്ല മുരുമുരാ വറുത്തെടുത്ത അയല, നത്തോലി, മത്തി, മാന്തള്‍ അങ്ങനെ നീളും പട്ടിക. മീന്‍ മാത്രമല്ല ചിക്കന്‍ വേണമെങ്കിലും ഇവിടെയുണ്ട്.
മേനപ്രയിലെ മേനപ്രം ഹോട്ടല്‍ (ETV Bharat) നല്ല നാടന്‍ രീതിയില്‍ വറുത്തരച്ച ചിക്കന്‍ കറിയാണ് മേനപ്രയിലെ മറ്റൊരു പ്രത്യേകത. നോണ്‍വെജ് വിഭവങ്ങള്‍ക്കൊപ്പം തോരന്‍, അച്ചാര്‍, പപ്പടം എന്നിവയുമുണ്ടാകും. ഉച്ചയൂണുക്കൊ കഴിച്ച് വയറു നിറയുമ്പോഴേക്കും നല്ല മധുരമുള്ള പ്രഥമനും തീന്മേശയിലെത്തും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വിറകടുപ്പിലാണ് മേനപ്രയിലെ പാചകം മുഴുവന്‍. രുചിയും നല്ല വൃത്തിയുമാണ് ഹോട്ടലിന്‍റെ മറ്റൊരു പ്രത്യേക. ഇതാണ് ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മേനപ്രം ഹോട്ടല്‍ ആരംഭിച്ചത്. ചൊക്ലി -നാദാപുരം റോഡില്‍ നിന്നും അല്‍പം അകത്തോട്ട് സഞ്ചരിക്കണം ഈ ഹോട്ടലിലെത്താന്‍. എന്നാല്‍ രുചി വൈവിധ്യം കേട്ടും അനുഭവിച്ചും അറിഞ്ഞവര്‍ ഇവിടെ എത്തുന്നത് പതിവാണ്. തലശേരിയില്‍ നിന്നും കോഴിക്കോട് നാദാപുരം റൂട്ടിലൂടെ സഞ്ചരിക്കുന്ന ആരും മേനപ്രയിലൊന്ന് കയറിയിറങ്ങും. മേനപ്രം ടൗണില്‍ നിരവധി ന്യൂജന്‍ ഹോട്ടലുകള്‍ ഉണ്ടെങ്കിലും ഉച്ചയൂണിന് പേര് കേട്ടത് ഈ ഹോട്ടല്‍ മാത്രമാണ്.
രുചി വിശേഷത്തിനൊപ്പം ഹോട്ടലിലെ വൃത്തിയാണ് ഭക്ഷണ പ്രേമികളെ ആകര്‍ഷിക്കുന്നത്. പരമ്പരാഗത ശൈലിയിലുള്ള വിറകടുപ്പും ഇരുമ്പ് ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചുള്ള പാചകവും മീന്‍ വറുക്കലുമൊക്കെ നേരിട്ട് കാണാം. മഞ്ഞളും മുളകും ഉപ്പുമൊക്കെ ചേര്‍ത്ത് പാകം തെറ്റാതെ മീന്‍ വറുത്തെടുക്കും. നത്തോലി, അയല, മത്തി, മാന്തള്‍ തുടങ്ങി മത്സ്യങ്ങളുടെ പട്ടിക നീളുന്നു. ഇനി ചിക്കന്‍ വേണമെങ്കില്‍ നാടന്‍ രീതിയില്‍ വറുത്തരച്ചതും കിട്ടും. ഊണിന് 60 രൂപയാണ് ഈടാക്കുന്നത്.
പോക്കറ്റ് കാലിയാകാതെ നല്ല ഭക്ഷണം കഴിച്ചിറങ്ങാം എന്നതാണ് മേനപ്രം ഹോട്ടലിന്‍റെ മറ്റൊരു പ്രത്യേകത. സമീപത്തെ കടകളിലെ വ്യാപാരികള്‍, മേനപ്രത്തെ ഓഫിസ് ജീവനക്കാര്‍, മറ്റ് തൊഴിലാളികള്‍ എന്നിവരാണ് ഇവിടെ സ്ഥിരമായി എത്തുന്നത്. എന്നാല്‍ ഈ ഹോട്ടലില്‍ നിന്നും രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ പാഴ്‌സലായും ഊണ്‍ എത്തിക്കുന്നുണ്ട്. ഊണിന് പുറമേ രാവിലെ 6.30 മുതല്‍ വെള്ളപ്പം, പുട്ട്, പത്തല്‍, പൊറോട്ട എന്നിവയും അതിലേക്ക് കടലക്കറി, ചെറുപയര്‍ കറി, കുറുമ, സ്റ്റ്യൂ, ചിക്കന്‍ കറി, മുട്ടകറി, മീന്‍ കറി എന്നിവയും ഉണ്ടാകും.
Also Read:കുട്ടികളെ അവരറിയാതെ പ്രോട്ടീന്‍ റിച്ചാക്കാം; സ്‌പെഷല്‍ ചോക്ലേറ്റ്-നട്‌സ് മില്‍ക്ക് ഷേക്ക്, റെസിപ്പി ഇതാ...