'ആരോഗ്യപ്പച്ച കഴിച്ചാല്‍ വിശപ്പും ക്ഷീണവുമറിയില്ല. ഞങ്ങളിത് അനുഭവിച്ചറിഞ്ഞതാണ്.' പറയുന്നത് പേപ്പാറ വന്യജീവി സങ്കേതത്തിലെ വനം വകുപ്പ് വാച്ചര്‍മാരായ കാണി സമുദായക്കാരാണ്. ഔഷധ ഗുണമുള്ള ശുദ്ധവായു.. കണ്ണാടി പോലെ തെളിഞ്ഞ മലമുകളിലെ വെള്ളം.. അഗസ്ത്യാര്‍കൂടത്തില്‍ എന്തൊക്കെയുണ്ടെന്ന് കാണിക്കാര്‍ പറയും.
ആന, കടുവ, പുലി, കരടി, കാട്ടുപോത്ത്, മാനുകള്‍, കുരങ്ങുകള്‍, മലമുഴക്കി വേഴാമ്പല്‍ അടക്കമുള്ള അപൂര്‍വ പക്ഷികള്‍.. വിവിധ തരം ഓര്‍ക്കിഡുകള്‍.. അങ്ങിനെ നീളുന്നു പട്ടിക. ഏറ്റവും സുന്ദരമായ മലനിരയെങ്കിലും ഏറ്റവും കഠിനമായ ട്രക്കിങ് സ്പോട്ടാണിതെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഗോത്രവര്‍ഗക്കാര്‍ തങ്ങളുടെ ദൈവമായിക്കണ്ട് ആരാധിക്കുന്ന അഗസ്ത്യമുനി. അഗസ്ത്യമുനിയുടെ അനുഗ്രഹമുണ്ടെങ്കിലേ കഠിനമായ മല കയറി അദ്ദേഹത്തിന്‍റെ പര്‍ണശാല നിലനിന്നിരുന്ന അഗസ്ത്യാര്‍കൂടത്തില്‍ എത്താനാവൂ എന്ന് കാണി വിഭാഗക്കാര്‍ ഇന്നും വിശ്വസിക്കുന്നു. സമ്പന്നമായ ഐതിഹ്യവും ചരിത്രവും ജൈവ വൈവിധ്യവും പേറുന്നവയാണ് കേരളത്തിലും തമിഴ്‌നാട്ടിലുമായി പരന്നു കിടക്കുന്ന അഗസ്ത്യ മലനിരകള്‍.
അത്യപൂര്‍വമായ രണ്ടായിരത്തോളം ഔഷധച്ചെടികള്‍ വളരുന്ന അഗസ്ത്യാര്‍കൂടം.. അഗസ്ത്യമുനി മുതല്‍ പൊതിയല്‍മലയിലെ ബോധിസത്വ സങ്കല്‍പ്പം വരെ നീളുന്ന പൗരാണിക സങ്കല്‍പ്പങ്ങള്‍.. പുല്‍മേടുകള്‍ക്കപ്പുറം വെള്ളിമേഘങ്ങളുമായി കിന്നാരം പറയുന്ന പൊങ്കാലപ്പാറ.. കോടമഞ്ഞു പുതച്ചു കിടക്കുന്ന മഴക്കാടുകള്‍.. ഒറ്റയാള്‍ക്ക് മാത്രം കഷ്‌ടിച്ച് കടന്നു പോകാവുന്ന കാട്ടിന്‍ നടുവിലെ ചവിട്ടടിപ്പാതകള്‍.. നൂറുകണക്കിനാളുകള്‍ വിശ്വാസപൂര്‍വം ആരാധിക്കാനെത്തുന്ന അഗസ്ത്യ പ്രതിഷ്‌ഠ.. പുല്‍മേടുകള്‍, പാറക്കെട്ടുകള്‍, കാട്ടരുവികള്‍.. അഗസ്ത്യാർകൂടത്തിലേക്കുള്ള പാത ഓരോരുത്തര്‍ക്കും വ്യത്യസ്‌ത അനുഭവങ്ങളാണ് നൽകുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രാമ രഘു രാമ നാമിനിയും നടക്കാം രാവിന്നു മുന്‍പേ കനല്‍ക്കാടു താണ്ടാം... നോവിന്‍റെ ശൂലമുന മുകളില്‍ക്കരേറാം... നാരായ ബിന്ദുവില്‍ അഗസ്ത്യനെക്കാണാം.... കവി വി മധുസൂദനന്‍ നായരുടെ അഗസ്ത്യഹൃദയം എന്ന കവിതയിലെ ഈ വരികള്‍ കേള്‍ക്കാത്തവരും ഉരുവിടാത്തവരും ഉണ്ടാവില്ല കേരളത്തില്‍.
സപ്‌ത ഋഷിമാരില്‍ പ്രമുഖനാണ് അഗസ്ത്യ മുനി. അഗസ്ത്യ മുനിയുടെ തപോവനമാണ് അഗസ്ത്യകൂടം എന്ന വിശ്വാസം ഹിന്ദുക്കള്‍ക്കിടയില്‍ ഇന്നും ദൃഢമായുണ്ട്. രാമരാവണയുദ്ധത്തില്‍ തളര്‍ന്ന രാമന്‍റെ രക്ഷകനായി മാറുന്നത് അഗസ്ത്യമുനിയാണ്. കവിഭാവനയില്‍ അഗസ്ത്യനെത്തേടി രാമ ലക്ഷ്‌മണന്മാര്‍ അഗസ്ത്യാര്‍കൂടം കയറുന്നതാണ് മധുസൂദനന്‍ നായര്‍ വരികളിലൂടെ ആവിഷ്‌കരിക്കുന്നത്.
സ്വയം ആതുരനായിത്തീര്‍ന്ന രാമന്‍ അഭയം തിരഞ്ഞ് അഗസ്ത്യനെത്തേടി എത്തുന്നു എന്നതാണ് കവിഭാവനയെങ്കിലും അഗസ്ത്യാര്‍കൂടത്തിലേക്കുള്ള യാത്രയും വഴികളും കവി കൃത്യമായി കവിതയില്‍ പകര്‍ത്തിയിട്ടുണ്ട്. ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടുചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും വേണം മല കയറാനെന്ന് മധുസൂദനന്‍ നായര്‍ പറയുന്നു. ഒടുവില്‍ മലമുകളിലെത്തിയ ശേഷം കവി വിലപിക്കുന്നതിങ്ങനെയാണ്.
ഒടുവിൽ നാമെത്തി ഈ ജന്മശൈലത്തിന്‍റെ
കൊടുമുടിയിൽ ഇവിടാരുമില്ലേ..
വനപർണശാലയില്ലല്ലോ മനം കാത്ത
മുനിയാമഗസ്ത്യനില്ലല്ലോ..
മന്ത്രം മണക്കുന്ന കാറ്റിന്‍റെ കൈകൾ