ഹൈദരാബാദ്: വോഡഫോൺ ഐഡിയ (വിഐ) ഇന്ത്യയിൽ 5ജി സേവനം ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട 17 ലൈസൻസ്‌ഡ് സർവീസ് ഏരിയകളിലാണ് 5ജി അവതരിപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ കുറച്ച് സ്ഥലങ്ങളിൽ മാത്രമേ 5ജി ലഭ്യമാവൂ എങ്കിലും വരും മാസങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് വിഐയുടെ 5ജി സേവനങ്ങൾ വിപുലീകരിക്കും. നിലവിൽ 5ജി സേവനങ്ങൾ ലഭ്യമാകുന്ന നഗരങ്ങളിലെ പ്രീപെയ്‌ഡ്, പോസ്റ്റ് പെയ്‌ഡ് വിഐ വരിക്കാർക്ക് 5ജി സേവനങ്ങൾ ആസ്വദിക്കാനാകും.
ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നിവയുൾപ്പെടെയുള്ള രാജ്യത്തെ 17 നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കിളുകളിലാണ് വിഐ 5G സേവനങ്ങൾ ആരംഭിച്ചത്. കേരളത്തിൽ തൃക്കാക്കര, കാക്കനാട് എന്നിവിടങ്ങളിൽ ഇനി മുതൽ 5ജി ലഭ്യമാകും. വിഐയുടെ 5G സേവനം 17 വ്യത്യസ്‌ത നഗരങ്ങളിൽ ലഭ്യമാകുമെങ്കിലും, 5G കണക്റ്റിവിറ്റി നിർദ്ദിഷ്‌ട മേഖലകളിൽ മാത്രമേ ലഭ്യമാകൂ.
3.3 GHz, 26 GHz സ്‌പെക്‌ട്രത്തിൽ ആണ് വിഐ 5ജി വിന്യസിച്ചിരിക്കുന്നത്. 'ടെലികോം ടോക്കിൻ്റെ' റിപ്പോർട്ട് അനുസരിച്ച്, വോഡഫോൺ ഐഡിയ ഇന്ത്യയുടെ 17 ലൈസൻസുള്ള സേവന മേഖലകളിൽ (എൽഎസ്എ) 5ജി സേവനങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഏതൊക്കെ നഗരങ്ങളിൽ 5ജി സേവനം ലഭ്യമാകുമെന്ന് പരിശോധിക്കാം.