ഹൈദരാബാദ്:അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് നടന്ന് ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസ്. വ്യാഴാഴ്‌ച ഇന്ത്യൻ സമയം വൈകീട്ട് ആറ് മണിക്കാണ് നടത്തം ആരംഭിച്ചത്. അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് സുനിത വില്യംസും നിക്ക്ഹേഗും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയത്. സ്റ്റാർലൈനറിൽ ബഹിരാകാശനിലയത്തിലെത്തി 7 മാസങ്ങൾക്ക് ശേഷം ആദ്യമായാണ് ഇവർ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങുന്നത്.
12 വർഷത്തിന് ശേഷമാണ് സുനിത വില്യംസ് സ്‌പേസ് വാക്ക് നടത്തിയത്. കരിയറിലെ എട്ടാമത്തെ സ്‌പേസ് വാക്ക് എന്ന പ്രത്യേകതയും ഇതിനുണ്ട്. അതേസമയം സഹയാത്രികനായ നിക്ക് ഹേഗ് നാലാം തവണയാണ് ബഹിരാകാശ നടത്തം പൂർത്തിയാക്കുന്നത്. നൈസർ എക്‌സ്-റേ ടെലിസ്‌കോപ്പിന്‍റെ അറ്റക്കുറ്റപ്പണികൾ, ഗൈറോ മാറ്റിസ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് ഇരുവരും ചേർന്ന് പൂർത്തിയാക്കിയത്. കൂടാതെ മറ്റ് അറ്റകുറ്റപ്പണികൾ എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്‌തിട്ടുണ്ട്.
അടുത്ത ബഹിരാകാശ നടത്തം ജനുവരി 23ന് നടത്താനാണ് നാസ പദ്ധതിയിട്ടിരിക്കുന്നത്. സുനിത വില്യംസിനൊപ്പം ബാരി വിൽമോറായിരിക്കും സ്‌പേസ് വാക്ക് നടത്തുക. ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ജൂൺ 6 നാണ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്.
മടക്കയാത്ര എന്ന്?
10 ദിവസത്തിനുള്ളിൽ മടങ്ങാൻ പദ്ധതിയിട്ടെങ്കിലും പേടകത്തിലെ ഹീലിയം ചോർച്ചയും ത്രസ്റ്റർ തകരാറും കാരണം മടങ്ങിവരവ് പ്രതിസന്ധിയിലാവുകയായിരുന്നു. സുരക്ഷ വിഷയം കാരണം ഇരുവരെയും തിരികെയെത്തിക്കാനാകാതെ സ്റ്റാർലൈനർ പേടകം പിന്നീട് തനിയെ ഭൂമിയിലേക്ക് മടങ്ങി. തുടർന്നാണ് 5 മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം 2025 ഫെബ്രുവരിയിൽ മടങ്ങിയെത്തുന്ന സ്‌പേസ് എക്‌സിന്‍റെ ക്രൂ-9 പേടകത്തിൽ ഇരുവരെയും തിരികെയെത്തിക്കാൻ തീരുമാനിക്കുന്നത്. എന്നാൽ കാത്തിരിപ്പ് ഇനിയും നീളുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.
Also Read:
- പരീക്ഷണത്തിനിടെ സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു: ചിന്നിച്ചിതറി റോക്കറ്റിന്‍റെ മുകൾ ഭാഗങ്ങൾ, ഞെട്ടിക്കുന്ന ദ്യശ്യം
- ബഹിരാകാശ രംഗത്ത് ഇന്ത്യയ്ക്ക് പുതു ചരിത്രം; സ്‌പേഡെക്‌സ് ദൗത്യം വിജയകരം
- 'കുംഭമേള' എന്ന് ഗൂഗിളിൽ തിരയൂ... കാണാം പുഷ്‌പവൃഷ്‌ടി: സ്‌പെഷ്യൽ ആനിമേഷനുമായി ഗൂഗിൾ
- ഇന്ത്യക്ക് അഭിമാന നേട്ടം: ബഹിരാകാശത്തേക്ക് അയച്ച പയർവിത്തുകൾക്ക് ഇലകൾ വിരിഞ്ഞു
- തണുപ്പിൽ നിറം മാറുന്ന ഫോൺ, ഇരുട്ടിലും മികച്ച ഫോട്ടോ: അത്ഭുതങ്ങളുമായി റിയൽമി 14 പ്രോ സീരീസ്