ഹൈദരാബാദ് :പുതിയ എഐ പവര്‍ സേര്‍ച്ച് എഞ്ചിന്‍ അവതരിപ്പിച്ച് എഐ സാങ്കേതിക വിദ്യയില്‍ വിപ്ലവം സൃഷ്‌ടിച്ച് ഓപ്പണ്‍ എഐ കമ്പനി. 'സേര്‍ച്ച്ജിപിടി' എന്ന പേരിലാണ് ഓപ്പണ്‍ എഐ പുതിയ സേര്‍ച്ച് എഞ്ചിന്‍ അവതരിപ്പിക്കുന്നത്. എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന സേര്‍ച്ച് എഞ്ചിന്‍ ഗൂഗിളിനെ കടത്തിവെട്ടുമോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സജീവമാകുന്നത്.
സേര്‍ച്ച് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് വെബ് പേജുകളിലേക്കുള്ള ലിങ്കുകൾ നൽകുന്നതാണ് ഗൂഗിളിന്‍റെയും ബിങ്ങിന്‍റെയുമെല്ലാം പ്രവര്‍ത്തന രീതി. ഈ പരമ്പരാഗത സേർച്ച് എഞ്ചിനുകളിൽ നിന്ന് വ്യത്യസ്‌തമാണ് സേര്‍ച്ച്ജിപിടി. ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടിക്കൊപ്പം സോഴ്‌സിലേക്കുള്ള ലിങ്കും സേര്‍ച്ച്ജിപിടി ഉപയോക്താവിന് നല്‍കും. കൂടാതെ ഫോളോ-അപ്പ് ചോദ്യങ്ങൾ ചോദിക്കാനും സേര്‍ച്ച് എഞ്ചിനില്‍ സൗകര്യമുണ്ടാകും.
നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തവും പ്രസക്തവുമായ ഉത്തരങ്ങള്‍ ഉറവിടങ്ങളോടുകൂടി സേര്‍ച്ച്ജിപിടി വേഗത്തില്‍ നല്‍കുമെന്ന് കമ്പനി പറയുന്നു. ഉത്തരങ്ങളില്‍ ആട്രിബ്യൂഷന്‍ (യഥാര്‍തഥ ഉറവിടത്തിന്‍റെ പേര്) നല്‍കുതിനാൽ വിവരങ്ങൾ എവിടെ നിന്നാണ് വരുന്നതെന്ന് ഉപയോക്താക്കൾക്ക് അറിയാന്‍ കഴിയും. ഉദാഹരണത്തിന്, നിങ്ങൾ മ്യൂസിക് ഫെസ്റ്റിവലുകൾക്കായി തെരയുകയാണെങ്കിൽ, സേര്‍ച്ച്ജിപിടി മ്യൂസിക് ഇവന്‍റുകളുടെ പട്ടിക സംഗ്രഹിച്ച് നിങ്ങള്‍ക്ക് തരുന്നതോടൊപ്പം വിവരങ്ങള്‍ എവിടെ നിന്നാണ് ലഭിച്ചത് എന്ന് കാണിക്കുന്ന ലിങ്കുകളും നിങ്ങള്‍ക്ക് തരും.