ചന്ദ്രയാൻ 4 ദൗത്യത്തില്‍ ഇരട്ട വിക്ഷേപണം നടത്താന്‍ പദ്ധതിയിടുന്നതായി ഐഎസ്‌ആര്‍ഒ. ചന്ദ്രയാന്‍ 4 പേടകം രണ്ട് ഭാഗങ്ങളായാണ് വിക്ഷേപിക്കുക. ശേഷം ബഹിരാകാശത്ത് വച്ച് ഈ ഭാഗങ്ങള്‍ യോജിപ്പിച്ച് ചന്ദ്രനിലേക്കുള്ള യാത്ര തുടരുമെന്നും ഐഎസ്‌ആര്‍ മേധാവി എസ് സോമനാഥ് അറിയിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പരീക്ഷണം ഐഎസ്ആർഒ നടത്താൻ പോകുന്നത്.
ഈ ദൗത്യത്തിലൂടെ ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ ഭൂമിയിലേക്ക് തിരികെയെത്തിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എസ് സോമനാഥ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'ചന്ദ്രയാൻ 4ന്‍റെ ഭാഗങ്ങൾ രണ്ട് തവണയായി ബഹിരാകാശത്തേക്ക് വിക്ഷേപിക്കും. ചന്ദ്രനിലേക്ക് പോകും വഴി ഇതിന്‍റെ ഭാഗങ്ങൾ ബഹിരാകാശത്ത് വച്ച് തന്നെ ബന്ധിപ്പിക്കും. അതായത് അവ അസംബിള്‍ ചെയ്യപ്പെടു'മെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഐഎസ്ആർഒ ബഹിരാകാശ നിലയം ഈ രീതിയിൽ ബന്ധിപ്പിച്ച് നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യയും ഇന്ത്യ കൈവരിക്കുമെന്നതാണ് ഇതിന്‍റെ നേട്ടം.
ചന്ദ്രയാൻ 4ന്‍റെ എല്ലാ ആസൂത്രണ പരിപാടികളും തങ്ങൾ ചെയ്‌തിട്ടുണ്ടെന്ന് എസ് സോമനാഥ് വ്യക്തമാക്കി. ഒറ്റ വിക്ഷേപണത്തില്‍ ചന്ദ്രയാൻ 4ന്‍റെ എല്ലാ ഭാഗങ്ങളും ബഹിരാകാശത്ത് എത്തിക്കാന്‍ കഴിയുന്നത്രയും ശക്തമായ റോക്കറ്റ് നമ്മുടെ പക്കലില്ലാത്തതിനാൽ നിരവധി വിക്ഷേപണങ്ങൾ നടത്തേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ പരീക്ഷണം ഇതാദ്യം:ബഹിരാകാശ പേടകങ്ങളുടെ ഭാഗങ്ങൾ ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യയായ ഡോക്കിങ് തങ്ങളുടെ പക്കലുണ്ടെന്ന് ഐഎസ്ആർഒ മേധാവി അറിയിച്ചിട്ടുണ്ട്. ഭൗമോപരിതലത്തിലും ചന്ദ്രോപരിതലത്തിലും ഈ പ്രവര്‍ത്തി ചെയ്യാൻ സാധിക്കും. ഡോക്കിങ് ടെക്‌നോളജി പ്രദർശിപ്പിക്കുന്നതിനായി ഈ വർഷം അവസാനത്തോടെ SPADEX ദൗത്യത്തെ ഐഎസ്ആര്‍ഒ അയയ്ക്കും.