കേരളം

kerala

ETV Bharat / technology

രസതന്ത്ര നൊബേൽ മൂന്നുപേർക്ക്: പുരസ്‌കാരം പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിന് - NOBEL PRIZE IN CHEMISTRY 2024

2024ലെ രസതന്ത്ര നൊബേൽ പുരസ്‌കാരം ഡേവിഡ് ബേക്കർ, ഡെമിസ് ഹസ്സാബിസ്, ജോൺ എം ജംബർ എന്നിവർക്ക്. പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിനാണ് അംഗീകാരം.

NOBEL PURASKARAM 2024  NOBEL PRIZE 2024  നൊബേൽ പുരസ്‌കാരം കെമിസ്‌ട്രി  രസതന്ത്ര നൊബേൽ പുരസ്‌കാരം 2024
David Baker (left), Demis Hassabis (middle) and John Jumper (right) (Nobel prize website)

By ETV Bharat Tech Team

Published : Oct 9, 2024, 4:03 PM IST

വർഷത്തെ രസതന്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ഡേവിഡ് ബേക്കർ, ഡെമിസ് ഹസ്സാബിസ്, ജോൺ എം ജംബർ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. കംപ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈനുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് ഡേവിഡ് ബേക്കർ പുരസ്‌കാരത്തിന് അർഹനായത്. പ്രോട്ടീനിന്‍റെ ഘടന പ്രവചിക്കുന്നതിന് മോഡൽ വികസിപ്പിച്ചതിനാണ് ഡെമിസ് ഹസ്സാബിസ്, ജോൺ എം ജംബർ എന്നിവർ പുരസ്‌കാരത്തിന് അർഹരായത്.

കമ്പ്യൂട്ടറുകളുടെ സഹായത്തോടെ പ്രോട്ടീൻ ഡിസൈൻ ചെയ്‌തതിനാണ് (കംപ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈൻ ) ഡേവിഡ് ബേക്കർ പുരസ്‌കാരത്തിന്‍റെ പകുതി പങ്കിടാൻ അർഹനായത്. ആർടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ പ്രോട്ടീന്‍റെ ഘടന പ്രവചിക്കുന്നതിനുള്ള (പ്രോട്ടീൻ സ്‌ട്രക്‌ച്ചർ പ്രഡിക്ഷൻ) സാങ്കേതികവിദ്യകൾ വികസിപ്പിച്ചത് ഡെമിസ് ഹസ്സാബിസും ജോൺ എം ജംബറും ആണ്.

ഇവരുടെ കണ്ടുപിടിത്തങ്ങൾക്ക് രസതന്ത്ര മേഖലയിൽ വലിയ സാധ്യതകൾ ഉണ്ട്. നമ്മുടെ ശരീരത്തിലെ അടിസ്ഥാനമായ എല്ലാ രാസപ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് പ്രോട്ടീനുകളാണ്. അതിനാൽ തന്നെ പ്രോട്ടീനുകളുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് അത്രയും പ്രാധാന്യമുണ്ട്. പ്രോട്ടീനുകളുടെ ഘടന വളരെ സങ്കീർണമായതിനാൽ അവയെ കുറിച്ചുള്ള പഠനവും ബുദ്ധിമുട്ടേറിയതായിരുന്നു. കമ്പ്യൂട്ടറുകളുടെയും ആർടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെയും സഹായത്തോടെ പ്രോട്ടീൻ ഘടന മനസിലാക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചത് രസതന്ത്ര മേഖലയിൽ വിപ്ലവകരമായ ഒന്നായിരുന്നു. മരുന്നിലും വാക്‌സിനുകളിലും മറ്റും പ്രയോജനമാകുന്ന കണ്ടുപിടിത്തമാണ് ഇത്.

ഡേവിഡ് ബേക്കറിന്‍റെ കണ്ടുപിടിത്തം:

പ്രോട്ടീനുകളിൽ സാധാരണയായി 20 വ്യത്യസ്‌ത അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. 2003ലാണ് ഡേവിഡ് ബേക്കർ അവ ഉപയോഗിച്ച് പുതിയ പ്രോട്ടീൻ രൂപകൽപ്പന ചെയ്‌തത്. പിന്നീട് ഫാർമസ്യൂട്ടിക്കൽസ്, വാക്‌സിനുകൾ, നാനോ മെറ്റീരിയലുകൾ, ചെറിയ സെൻസറുകൾ എന്നിവയായി ഘട്ടം ഘട്ടമായി വിവിധ സാങ്കൽപ്പിക പ്രോട്ടീനുകൾ വികസിപ്പിക്കുകയായിരുന്നു.

ഡേവിഡ് ബേക്കറിന്‍റെ കണ്ടുപിടിത്തം (ദ നൊബേൽ പ്രൈസ്/ എക്‌സ്)

ഡെമിസ് ഹസ്സാബിസിന്‍റെയും ജോൺ എം ജംബറിന്‍റെയും കണ്ടുപിടിത്തം:

പ്രോട്ടീനിന്‍റെ ഘടനകളെ സംബന്ധിച്ചുള്ളതാണ് രണ്ടാമത്തെ കണ്ടെത്തൽ. പ്രോട്ടീനുകളിൽ പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്ന അമിനോ ആസിഡുകളുടെ ചെയ്‌നുകൾ പ്രോട്ടീനിന്‍റെ പ്രവർത്തനത്തിന് നിർണായകമാണ്. 1970 മുതൽ ഗവേഷകർ അമിനോ ആസിഡ് സീക്വൻസുകളിൽ നിന്ന് പ്രോട്ടീൻ ഘടനകൾ പ്രവചിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ശാസ്‌ത്ര ലോകത്തിന് ഇത് സാധ്യമായിരുന്നില്ല.

ഡെമിസ് ഹസ്സാബിസിന്‍റെയും ജോൺ എം ജംബറിന്‍റെയും കണ്ടുപിടിത്തം (ദ നൊബേൽ പ്രൈസ്/ എക്‌സ്)

എന്നാൽ 2020 ലാണ് ഡെമിസ് ഹസ്സാബിസും ജോൺ എം ജംബറും പ്രോട്ടീൻ ഘടനകൾ പ്രവചിക്കാനായി ആൽഫഫോൾഡ്2 എന്ന എഐ മോഡൽ അവതരിപ്പിച്ചത്. ഈ എഐ മോഡലിന്‍റെ സഹായത്തോടെ ഗവേഷകർ തിരിച്ചറിഞ്ഞ 200 ദശലക്ഷം പ്രോട്ടീനുകളുടെ ഘടന പ്രവചിക്കാൻ ഇരുവർക്കും കഴിഞ്ഞു. 190 രാജ്യങ്ങളിൽ നിന്നുള്ള രണ്ട് ദശലക്ഷത്തിലധികം ആളുകൾ ഈ മോഡൽ ഉപയോഗിച്ചു. ആൻറിബയോട്ടിക് പ്രതിരോധം മനസിലാക്കുന്നതിലും പ്ലാസ്റ്റിക് വിഘടിപ്പിക്കാൻ കഴിയുന്ന എൻസൈമുകളുടെ ചിത്രങ്ങൾ സൃഷ്‌ടിക്കാനും ഈ കണ്ടുപിടിത്തം സഹായകമായി.

പ്രോട്ടീനുകൾ ഇല്ലാതെ ജീവൻ നിലനിൽക്കില്ല. അതിനാൽ തന്നെ ജീവന്‍റെ നിലനിൽപ്പിന് അത്യാവശ്യമായ പ്രോട്ടീൻ ഘടനകൾ പ്രവചിക്കാനും നമ്മുടെ സ്വന്തം പ്രോട്ടീനുകൾ രൂപകൽപ്പന ചെയ്യാനും കഴിയുന്നത് മനുഷ്യരാശിക്ക് വലിയ നേട്ടം നൽകുന്ന ഒന്നായിരിക്കുമെന്നതിൽ സംശയമില്ല.

രസതന്ത്ര നൊബേൽ 2023:

കഴിഞ്ഞ വർഷം രസതന്ത്ര നൊബേൽ പുരസ്‌കാരത്തിന് അർഹരായത് മൂന്ന് പേർ ആയിരുന്നു. മൗംഗി ബവെന്ദി , ലൂയിസ് ബ്രസ്, അലെക്‌സി എകിമോവ് എന്നിവരാണ് കെമിസ്ട്രി നൊബേൽ പുരസ്‌കാരം പങ്കിട്ടത്. ക്വാണ്ടം ഡോട്ടുകള്‍ കണ്ടുപിടിച്ച് വികസിപ്പിച്ചതിനാണ് ഇവർ നൊബേലിന് അര്‍ഹരായത്.

Also Read: മെഷീൻ ലേണിങ് രംഗത്തെ സംഭാവന: ഭൗതിക ശാസ്‌ത്ര നൊബേൽ പുരസ്‌കാരം പങ്കിട്ട് രണ്ട് പേർ

ABOUT THE AUTHOR

...view details