വാഷിങ്ടണ്‍:സാങ്കേതിക തകരാര്‍ പരിഹരിച്ചതായി മൈക്രോസോഫ്റ്റ്. എന്നാല്‍ ആപ്പുകളുടെയും സേവനങ്ങളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ കുറച്ച് സമയം കൂടി വേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് കമ്പനി ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
അതേസമയം പത്ത് ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് വിന്‍ഡോസിലെ സാങ്കേതിക തകരാര്‍ ബാധിച്ചതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. വ്യോമയാന മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്പ്യൂട്ടര്‍ ഒഴിവാക്കി മാനുഷികമായി ശ്രമങ്ങള്‍ നടത്തിയെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്‍ഡിഗോ അടക്കമുള്ള വിമാനക്കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടു.
മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ സാങ്കേതിക പ്രശ്‌നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും വ്യോമയാന സർവീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ആകാശ എയർ, ഇന്‍ഡിഗോ അടക്കം ഇന്ത്യൻ കമ്പനികളും പ്രതിസന്ധിയിലാണ്. വിമാന കമ്പനികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്, ചെക്ക്-ഇന്‍, ബോര്‍ഡിംഗ് പാസ് ആക്‌സസ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ അവതാളത്തിലായി.
ബ്രിട്ടനിലെ സ്കൈ ന്യൂസ് ടിവി ചാനലിന് ഈ സാങ്കേതിക പ്രശ്നം മൂലം പ്രക്ഷേപണം നിർത്തിവയ്‌ക്കേണ്ടിവന്നു. വിൻഡോസിന് സുരക്ഷ സേവനങ്ങൾ നൽകുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിന്‍റെ പ്രശ്‌നമാണ് വ്യാപക പ്രതിസന്ധിക്ക് കാരണം.