ബെംഗളൂരു : ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്‍റെ പുനരുപയോഗ വിക്ഷേപണ വാഹനമായ (Reusable Launch Vehicle) പുഷ്‌പക്കിന്‍റെ ലാൻഡിങ് വിജയകരം. കർണാടകയിലെ ചിത്രദുർഗ്ഗ എയ്‌റോനോട്ടിക്കൽ ടെസ്‌റ്റ് റേഞ്ചിൽ (എടിആർ) ആയിരുന്നു പരീക്ഷണം. രാമായണത്തിലെ പുഷ്‌പകവിമാനത്തിന്‍റെ പേരിലാണ് ഈ പേടകം അറിയപ്പെടുന്നത്. ആർഎൽവിയുടെ മൂന്നാമത്തെ ലാൻഡിംഗ് ദൗത്യമായിരുന്നു ഇന്ന് നടന്നത്. അതേസമയം 2016ലും കഴിഞ്ഞ വർഷം ഏപ്രിലിലും ഐഎസ്ആർഒ നടത്തിയ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു (RLV Vehicle 'Pushpak').
'ഇന്ത്യൻ സ്‌പേസ് ഷട്ടിൽ' പുഷ്‌പക്കിനെ വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഉയർത്തി. തുടര്‍ന്ന്, 4.5 കിലോമീറ്റർ ഉയരത്തിൽ എത്തിച്ചാണ് സ്വതന്ത്രമാക്കിയത്. റിലീസിന് ശേഷം 4 കിലോമീറ്റർ അകലെ പേടകം സ്വയം ദിശ മാറ്റി പുഷ്‌പക് ക്രോസ് റേഞ്ച് റൺവേയിൽ കൃത്യമായി ഇറങ്ങി. ബ്രേക്ക് പാരച്യൂട്ട് ലാൻഡിങ് ഗിയർ ബ്രേക്കുകളും നോസ് വീൽ സ്‌റ്റിയറിങ് സിസ്‌റ്റവും ഉപയോഗിച്ച് വ്യോമവാഹനം നിർത്തിയെന്നും ഐഎസ്‌ആർഒ അറിയിച്ചു.