വാഷിങ്‌ടൺ : ഇന്ത്യൻ വംശജ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ചുള്ള ബോയിങ്ങിന്‍റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്‍റെ ആദ്യ യാത്ര വീണ്ടും റദ്ദാക്കി. കെന്നഡി സ്‌പേസ് സെന്‍ററിൽ നിന്ന് പറന്നുയരുന്നതിന് 3 മിനിറ്റും 50 സെക്കൻഡും അവശേഷിക്കെയാണ് യാത്ര റദ്ദാക്കിയത്.
ഗ്രൗണ്ട് ലോഞ്ച് സീക്വൻസറിന്‍റെ ഓട്ടോമാറ്റിക് ഹോൾഡ് കാരണം ബോയിങ് സ്‌പേസിന്‍റെ സ്റ്റാർലൈനർ ക്രൂ ഫ്ലൈറ്റ്, ഇന്നത്തെ വിക്ഷേപണ ശ്രമം ഒഴിവാക്കി എന്നാണ് നാസ ഔദ്യോഗികമായി അറിയിച്ചത്. റോക്കറ്റ് വിക്ഷേപിക്കാൻ ആഹ്വാനം നല്‍കുന്ന കമ്പ്യൂട്ടറാണ് ഗ്രൗണ്ട് ലോഞ്ച് സീക്വൻസർ.
ഞായറാഴ്‌ച ഒരു ബാക്കപ്പ് ലോഞ്ച് ശ്രമം ഏജൻസി ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്. പ്രശ്‌നം പരിഹരിച്ചാൽ ഇന്ത്യൻ സമയം രാത്രി 9.33- ന് വിക്ഷേപണം നടക്കും. അതും പരാജയപ്പെട്ടാല്‍ ജൂണ്‍ 5-നോ 6-നോ ആയിരിക്കും അടുത്ത വിക്ഷേപണമുണ്ടാവുക എന്ന് അറ്റ്ലസ് 5 റോക്കറ്റ് സ്റ്റാർലൈനർ നിർമിച്ച യുണൈറ്റഡ് ലോഞ്ച് അലയൻസിന്‍റെ പ്രസിഡന്‍റും സിഇഒയുമായ ടോറി ബ്രൂണോ അറിയിച്ചു.
മെയ് 7 ന് ബോയിങ് സ്‌റ്റാർലൈനർ നടത്താനിരുന്ന വിക്ഷേപണം റോക്കറ്റിലെ ഓക്‌സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് മാറ്റിവച്ചിരുന്നു. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും വിക്ഷേപണത്തിനായി പേടകത്തിൽ പ്രവേശിച്ചിരുന്നെങ്കിലും വിക്ഷേപണം മാറ്റിയതോടെ തിരിച്ചിറങ്ങുകയായിരുന്നു.
Also Read :സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്; യാത്ര ബോയിങ്ങിന്‍റെ സ്റ്റാര്‍ ലൈനറില്‍ - Sunita Williams To Space Again