ഹൈദരാബാദ്: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോണും ഫ്ലിപ്‌കാർട്ടും റിപ്പബ്ലിക് ദിനം പ്രമാണിച്ച് തങ്ങളുടെ ഓഫർ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. മൊബൈൽ ഫോണുകൾക്കും, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, വീട്ടുപകരണങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കും ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലും ഫ്ലിപ്‌കാർട്ട് മോനുമെന്‍റൽ സെയിലിലും വമ്പൻ വിലക്കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോണുകൾ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് മികച്ച ഡിസ്‌കൗണ്ടിൽ വാങ്ങാൻ സാധിക്കുന്ന സമയമാണിത്.
ആമസോണിലും ഫ്ലിപ്‌കാർട്ടിലും വിവിധ ഐഫോൺ മോഡലുകൾക്ക് വമ്പൻ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോൺ 15 മോഡലിന്‍റെ 128 ജിബി വേരിയന്‍റിന് ലോഞ്ച് സമയത്ത് 69,900 രൂപയായിരുന്നു വില. എന്നാൽ ആമസോൺ റിപബ്ലിക് ഡേ സെയിലിൽ ഇതേ മോഡലിന് 57,499 രൂപയാണ് വില. അതേസമയം ഫ്ലിപ്‌കാർട്ട് സെയിലിൽ 58,999 രൂപയാണ് ഐഫോൺ 15 ന്‍റെ പ്രാരംഭവില.
ഐഫോൺ 16, ഐഫോൺ 15 പ്രോ, ഐഫോൺ 13 എന്നിങ്ങനെ ആപ്പിളിന്‍റെ മറ്റ് മോഡലുകൾക്കും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോൺ 16 സീരീസ്, ഐഫോൺ 15 സീരീസ്, ഐഫോൺ 13 എന്നീ മോഡലുകൾക്ക് ആമസോണിലും ഫ്ലിപ്‌കാർട്ടിലും ഓഫർ സെയിലിൽ പ്രഖ്യാപിച്ചിരിക്കുന്ന വില എത്രയാണെന്നും, ഏത് പ്ലാറ്റ്‌ഫോമിലാണ് കുറഞ്ഞ വിലയിൽ ലഭ്യമാവുകയെന്നും പരിശോധിക്കാം. കൂടുതൽ ഡിസ്‌കൗണ്ടോടെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമുകൾ തെരഞ്ഞെടുത്ത് നിങ്ങൾക്ക് പുതിയ ഐഫോൺ വാങ്ങാവുന്നതാണ്.
മോഡൽ | ആമസോൺ ഓഫർ വില | ഫ്ലിപ്‌കാർട്ട് ഓഫർ വില |
ഐഫോൺ 16 പ്രോ മാക്‌സ് (256 ജിബി) | 1,37,900 രൂപ | 1,37,900 രൂപ |
ഐഫോൺ 16 പ്രോ (128 ജിബി) | 1,12,900 രൂപ | 1,12,900 രൂപ |
ഐഫോൺ 16 പ്ലസ് (128 ജിബി) | 84,900 രൂപ | 79,999 രൂപ |
ഐഫോൺ 16 (128 ജിബി) | 74,900 രൂപ | 67,999 രൂപ |
ഐഫോൺ 15 പ്രോ മാക്‌സ് (256 ജിബി) | 1,28,900 രൂപ | 1,59,900 രൂപ |
ഐഫോൺ 15 പ്രോ (512 ജിബി) | 1,39,900 രൂപ | 1,64,900 രൂപ |
ഐഫോൺ 15 പ്ലസ് (128 ജിബി) | 69,900 രൂപ | 66,999 രൂപ |
ഐഫോൺ 15 (128 ജിബി) | 57,499 രൂപ | 58,999 രൂപ |
ഐഫോൺ 13 (128 ജിബി) | 43,499 രൂപ | 43,499 രൂപ |
ആമസോൺ ഓഫറുകൾ:
ആമസോൺ റിപ്പബ്ലിക് ഡേ സെയിലിൽ മൊബൈലുകൾക്കും മറ്റ് ഇലക്‌ട്രോണിക് ആക്‌സസറികൾക്കും 40% വരെ കിഴിവ് ലഭിക്കും. എസ്‌ബിഐ കാർഡോ ഇഎംഐ സംവിധാനമോ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഡിസ്‌ക്കൗണ്ടും ലഭിക്കും. കൂടാതെ ഐസിഐസിഐ ആമസോൺ പേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുന്നവർക്ക് എക്സ്ചേഞ്ച് ഓഫറും കൂപ്പണുകളും ലഭിക്കും.