തിരുവനന്തപുരം:വെള്ളക്കാരന്‍ ഭൂമിയിലെ ഏറ്റവും ശ്രേഷ്‌ഠനെന്ന സിദ്ധാന്തം യൂറോപ്യന്‍ രാജ്യങ്ങളില്‍ ശക്തമാകുന്ന 1920കള്‍. ഇത്തരം ഒരു സിദ്ധാന്തം ജനങ്ങള്‍ ഏറ്റെടുക്കണമെങ്കില്‍ അതിന് ശാസ്ത്രീയ അടിത്തറ വേണമെന്ന ആശയം അക്കാലത്തെ യൂറോപ്യന്‍ ഭരണാധികാരികളില്‍ മിക്കവരിലും വേരുറപ്പിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ വെള്ളക്കാരന്‍ മാത്രം ശ്രേഷ്‌ഠനെന്ന തികച്ചും വംശീയമായ ഈ വാദത്തിന് ശാസ്ത്രത്തിൻ്റെ പിന്തുണ കൂടി ഉറപ്പാക്കാന്‍ ഭരണാധികാരികള്‍ നരവംശ ശാസ്ത്രജ്ഞരെ ലോകത്തിൻ്റെ നാനാഭാഗങ്ങളിലേക്കുമയച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അത്തരത്തില്‍ കപട ശാസ്ത്രീയ തെളിവുകളുടെ നിര്‍മിതിയിലൂടെ വംശീയ ശാസ്ത്രം സൃഷ്‌ടിക്കുകയെന്ന നിഗൂഢ ലക്ഷ്യവുമായി നരംവംശ ശാസ്ത്രജ്ഞര്‍ കച്ചകെട്ടിയിറങ്ങിയപ്പോള്‍ 'ശാസ്ത്രീയ വംശീയത' എന്ന പഠന ശാഖ രൂപം കൊണ്ടു. ഇതേ ഉദ്ദേശത്തോടെയുള്ള പരീക്ഷണശാലയായി അക്കാലത്ത് സായിപ്പന്‍മാര്‍ നമ്മുടെ കേരളത്തെയും തെരഞ്ഞെടുത്തു എന്നതിനുള്ള തെളിവുകള്‍ പുറത്ത് വരികയാണ്.
കേരളത്തിലെ ജാതി വിഭാഗങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തില്‍ തന്നെ ഉമാര്‍ റോള്‍ഫ് ബാറണ്‍ എഹ്രന്‍ഫല്‍സ്, ഫിലിപ്പോ ഒസല്ല തുടങ്ങിയ നിരവധി യൂറോപ്യന്‍ നരവംശ ശാസ്ത്രജ്ഞര്‍ എത്തിയെന്ന് ഇത് സംബന്ധിച്ച ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചരിത്ര ഗവേഷകനും കൊല്ലം ഫാത്തിമ മാതാ കോളജിലെ അധ്യാപകനുമായ വിനില്‍ പോള്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
ഇവരില്‍ ഏറ്റവും നിഗൂഢവും വിചിത്രവുമായ വിവരശേഖരണം നടത്തിയത് കേരളത്തിലേക്ക് എത്തിയ എഗോണ്‍ എന്ന ജര്‍മന്‍ നരവംശശാസ്ത്രജ്ഞനായിരുന്നു. പക്ഷേ അദ്ദേഹം ഇന്ത്യയിലെത്തിയതെങ്ങനെയെന്നത് ഇന്നും നിഗൂഢമാണ്. കാരണം ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് ജര്‍മ്മന്‍ മിഷണറിമാരെ ഉള്‍പ്പെടെ അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം ബലം പ്രയോഗിച്ച് നാടുകടത്തുന്ന സമയത്ത് ബ്രിട്ടൻ്റെ എതിരാളികളായ നാസി ഭരണകൂടത്തിന് വേണ്ടി ഫീല്‍ഡ് വര്‍ക്ക് നടത്താന്‍ എഗോണ്‍ എങ്ങനെ ഇന്ത്യയില്‍ കടന്നുകൂടിയെന്ന് വ്യക്തമല്ലെന്നും വിനില്‍ വിശദീകരിക്കുന്നു.
1926ല്‍ എഗോണ്‍ കേരളത്തിലേക്ക്
1926ലായിരുന്നു ഭാര്യ എന്‍ജോ ഡെ കോസ്റ്റയുമായി ആവി എഞ്ചിന്‍ കൊണ്ടു പ്രവര്‍ത്തിക്കുന്ന കപ്പലില്‍ എഗോണ്‍ ഇന്ത്യയിലേക്ക് പുറപ്പെടുന്നത്. 26 മാസങ്ങള്‍ക്ക് ശേഷം 1928 മാര്‍ച്ചില്‍ ഇന്ത്യയിലെത്തിയ എഗോണ്‍, ഇന്ത്യയില്‍ 30,000 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് നടത്തിയ ഫീല്‍ഡ് വര്‍ക്കിന് ജര്‍മന്‍ ഗവേഷണ കൗണ്‍സിലിൻ്റെയും ജര്‍മനിയിലെ ലിപ്‌സിഗ് എത്തനോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെയും സാമ്പത്തിക പിന്തുണയുമുണ്ടായിരുന്നു.
50 വ്യത്യസ്‌ത ഇന്ത്യന്‍ ജാതി വിഭാഗങ്ങളില്‍ നിന്നുള്ള 3700 വ്യക്തികളെ കണ്ട് 12000ത്തോളം ഫോട്ടോകള്‍ എഗോണ്‍ പകര്‍ത്തി. 2000 പുരാവസ്‌തുക്കളും അദ്ദേഹം ശേഖരിച്ചു. ജര്‍മന്‍ ഭാഷയില്‍ മാത്രം തൻ്റെ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന എഗോണിൻ്റെ കേരളത്തിലുള്ള പഠനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയത് പാലക്കാട് ലക്ഷ്‌മി നാരായണപുരം സ്വദേശിയായ മലയാളി നരവംശശാസ്ത്രജ്ഞന്‍ അനന്ത കൃഷ്‌ണന്‍ അയ്യരാണ്.
മലബാറിനെയും മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചായിരുന്നു പഠനം. പ്രാദേശികമായി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമായിരുന്നു പഠനം നടത്തിയത്. വയനാട്ടിലെ പുലയര്‍, വയനാടന്‍ പുലയര്‍, പണിയര്‍, കുറുമ്പര്‍, കാടര്‍ എന്നീ വിഭാഗങ്ങളെക്കുറിച്ച് പഠിക്കാനായി വയനാട് പ്രദേശവും മധ്യ വര്‍ഗം എന്ന നിലയില്‍ തിയ്യരെക്കുറിച്ച് പഠിക്കാന്‍ കണ്ണൂരിലെ കൂത്തുപറമ്പ്, തലശേരി പ്രദേശങ്ങളും ഉയര്‍ന്ന വിഭാഗം എന്ന നിലയില്‍ നായന്‍മമാരെ കുറിച്ചു പഠിക്കാനായി പാലക്കാട് കൊല്ലങ്കോട് മേഖലയും തെരഞ്ഞെടുത്തായിരുന്നു എഗോണ്‍ പഠനം നടത്തിയത്.