എറണാകുളം: കാലത്തെ അതിജീവിച്ച മലയാള സാഹിത്യത്തിൻ്റെ ശിൽപിയെയാണ് എംടിയുടെ വിയോഗത്തിലൂടെ നഷ്‌ടമായതെന്ന് എഴുത്തുകാരനും അധ്യാപകനുമായ എംകെ സാനു. എംടിയെ അനുസ്‌മരിച്ച് കൊച്ചിയിൽ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംടിയുടെ വിയോഗത്തിൽ അഗാധമായ നഷ്‌ടബോധം അനുഭവപ്പെടുന്നു.
വളരെ ചുരുക്കം സുഹൃത്തുക്കളുള്ള മൗനിയായ വ്യക്തിയായിരുന്നു അദ്ദേഹം. തൻ്റെ മേഖലയോട് നൂറ് ശതമാനം കൂറ് പുലർത്തിയ വ്യക്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഥയെഴുതുമ്പോൾ, നോവലെഴുതുമ്പോൾ, തിരക്കഥയെഴുതുമ്പോൾ അദ്ദേഹം പരമാവധി അതിൽ ശ്രദ്ധ പുലർത്തിയിരുന്നു. സാഹിത്യ അക്കാദമികളിൽ അംഗങ്ങളാകുന്നത് സ്വത്വത്തിൻ്റെ ഒരു ഭാഗം നഷ്‌ടമാക്കുമെന്ന അഭിപ്രായമായിരുന്നു തനിക്ക് ഉണ്ടായിരുന്നത്. ഇതേക്കുറിച്ച് താനെഴുതിയ ലേഖനത്തിന് എംടി 'കൊട്ടാര ശണ്ഡൻമാർ' എന്ന തലക്കെട്ട് നൽകിയായിരുന്നു മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചത്.
പിന്നീട് എംഎൽഎ ആയപ്പോൾ സാഹിത്യ അക്കാദമിയുടെ പ്രസിഡൻ്റ് ആകേണ്ടിവന്നു. ഈ സമയത്ത് എംടി വിളിച്ച് ഇപ്പോഴെന്തായി എന്ന് ചോദിച്ചിരുന്നു. കൊട്ടാര ശണ്ഡന്മാരുടെ നേതാവായില്ലേയെന്നും എംടി ചോദിച്ചിരുന്നു. 'മഞ്ഞ്' എന്ന അദ്ദേഹത്തിൻ്റെ നോവലാണ് എന്നെ കൂടുതൽ ആകർഷിച്ചത്. ഈ കഥയിൽ കാത്തിരിപ്പ് വളരെ തീക്ഷ്‌ണമായാണ് അവതരിപ്പിക്കുന്നത്.
ഇത്രയും മനോഹരമായ കഥയെഴുതാൻ അധികം ആർക്കും കഴിയില്ല. തൻ്റെ ഏകാന്ത വീഥിയിലൂടെ ആദ്യത്തെ കഥ മുതൽ അദ്ദേഹം തൻ്റെ സൃഷ്‌ടികളെ പെർഫെക്‌ടാക്കി മാറ്റിയിരുന്നു.