ഇടുക്കി : ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പൻ്റെ ആക്രമണം. സിങ്കുകണ്ടത്ത് വീട് ആക്രമിച്ചു. കൂനംമാക്കൽ മനോജ് മാത്യുവിൻ്റെ വീടാണ് ചക്കക്കൊമ്പൻ ഇടിച്ചു തകർക്കാൻ ശ്രമിച്ചത്.
കാട്ടാന വീട് ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രാവിലെ 4 മണിയ്ക്കായിരുന്നു ചക്കക്കൊമ്പന്‍റെ ആക്രമണമുണ്ടായത്. വീടിൻ്റെ മുൻവശത്തെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയിൽ ശക്തമായി കുത്തുകയായിരുന്നു. ആക്രമണത്തിൽ വീടിൻ്റെ ഭിത്തിയിൽ വിള്ളൽ വീഴുകയും മുറിക്കുള്ളിലെ സീലിങ് തകരുകയും ചെയ്‌തു (Wild Elephant Chakka Komban Again In Chinnakanal).
അതേസമയം ചിന്നക്കനാലിൽ കഴിഞ്ഞ ദിവസവും ചക്കക്കൊമ്പൻ ഇറങ്ങിയിരുന്നു. മാർച്ച് 23ന് രാത്രി 10 മണിയോടെയാണ് കൊമ്പൻ സിങ്കുകണ്ടത്ത് ഇറങ്ങിയത്. ആ ദിവസം പുലർച്ചെ വരെ ചക്കക്കൊമ്പൻ ജനവാസ മേഖലയിൽ തുടർന്നിരുന്നു. അരിക്കൊമ്പന് പന്നാലെ ചക്കക്കൊമ്പനും കളത്തിലിറങ്ങിയതു കൊണ്ട് മുന്നാറിലെ പോലെ ചിന്നക്കനാലിലും സ്പെഷ്യൽ ആർആർടി ടീമിനെ നിയോഗിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.