എറണാകുളം:ക്രിസ്‌മസ് ആഘോഷത്തിനായി എത്തുമെന്നായിരുന്നു കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ നേരത്തെയെത്തിയത് മരണത്തിലേക്കുള്ള യാത്രയായി. സെക്യൂരിറ്റി ജോലി ചെയ്‌തിരുന്ന എൽദോസ് ഒന്നോ രണ്ടോ ആഴ്‌ച കൂടുമ്പോഴായിരുന്നു വീട്ടിലെത്തിയിരുന്നത്. തൃശൂരിൽ നിന്നും തിങ്കളാഴ്‌ച ജോലി കഴിഞ്ഞെത്തി ബസിറങ്ങി കാട്ടാനയിറങ്ങിയത് അറിയാതെ വീട്ടിലേക്ക് നടക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കാട്ടാനയെ പല തവണ കണ്ടതിനാൽ നേരം ഇരുട്ടിയതോടെ ആളുകൾ ഈ ഭാഗത്ത് കൂടുതലായി പുറത്തിറങ്ങിയിരുന്നില്ല. എൽദോസ് ഈ സമയം വരുമെന്ന് വീട്ടുകാരോ, അയൽവാസികളോ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ജോലി കഴിഞ്ഞ് ബസിറങ്ങി വെളിച്ചമില്ലാത്ത ഇടറോഡിലൂടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. മൊബൈൽ ടോർച്ചിൻ്റെ വെളിച്ചത്തിൽ റോഡിലൂടെ നടന്ന് നീങ്ങിയ എൽദോസ് റോഡരികിൽ ഇരുട്ടിൽ നിൽക്കുകയായിരുന്ന ആനയെ കണ്ടിരുന്നില്ല.
മുന്നിൽപ്പെട്ടതോടെ കാട്ടാന എൽദോയെ ക്രൂരമായി ആക്രമിച്ചു. മൃതദേഹം ചിന്നി ചിതറിയ നിലയിലായിരുന്നു റോഡരികിൽ കിടന്നത്. ആന്തരിക അവയവങ്ങൾക്കെല്ലാം ക്ഷതമേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഒരു വഴിവിളക്കെങ്കിലും കത്തിയിരുന്നെങ്കിൽ തങ്ങളുടെ പ്രിയപ്പെട്ടവന് ഈ ദാരുണാന്ത്യം ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
വന്യമൃഗങ്ങൾക്ക് മനുഷ്യരായ തങ്ങളെ അധികൃതർ ഇട്ടുകൊടുക്കുകയാണെന്ന വികാരമാണ് വനമേഖലയോട് ചേർന്നു കഴിയുന്ന ഈ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾ പങ്കുവയ്ക്കുന്നത്. അതേസമയം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയാണ് കുട്ടമ്പുഴ ഉരുളൻ തണ്ണിയിലെ വീട്ടിൽ എൽദോസിൻ്റെ മൃതദേഹമെത്തിച്ചത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്തിമോപചാരം അർപ്പിച്ചു. വൈകുന്നേരം 4 മണിയോടെ ഉരുളൻതണ്ണിയിലെ മാർത്തോമപള്ളി സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്‌തു.